പ്രതികളായവരെ വേണ്ടിവന്നാൽ തൂക്കിലേറ്റും; മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മമതാ ബാനർജി

single-img
10 August 2024

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി ട്രെയിനിയായ വനിതാ ഡോക്ടറെ ബലാത്സം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി.

പ്രതികളായവരെ വേണ്ടിവന്നാൽ തൂക്കിലേറ്റുമെന്ന് മമത പറഞ്ഞു. അന്വേഷണം ഊർജ്ജിതമാക്കാൻ നിർദേശം നൽകി, കേസ് അതിവേഗ കോടതി പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും, പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മമത പറഞ്ഞു.

വളരെ വേദനാജനകവും ദൗർഭാഗ്യകരവുമായ സംഭവമാണ് നടന്നത്. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബവുമായി സംസാരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജിൽ നടന്ന ക്രൂരതയിൽ സർക്കാരിനെന്ന പോലെ ആശുപത്രി സൂപ്രണ്ടിനും ഉത്തരവാദിത്വമുണ്ട്.

വ്യാഴാഴ്ച രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ വെള്ളിയാഴ്ച പുലർച്ചയോടെയാണ് ക്രൂര ബലാത്സംഗത്തിന് ഇരയയായി മരിച്ചനിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ ആണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം വസ്ത്രങ്ങൾ കീറി അർദ്ധനഗ്നയായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.

മെഡിക്കൽ കോളേജിന് പുറത്തുള്ളയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇയാളുടെ പ്രവർത്തികൾ വളരെ സംശയം ഉളവാക്കുന്നതാണെന്നും മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ഇയാൾ എത്തിയിരുന്നുമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പൊലീസ് പറയുന്നത് .