ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് സംസ്ഥാനത്തേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരം : മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

single-img
8 July 2024

സാഹസിക സഞ്ചാരികളുടെ ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് സംസ്ഥാനത്തേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. സാഹസിക വിനോദസഞ്ചാരത്തിന്റെ ചിറകിലേറി മലയോര ഗ്രാമമായ കോടഞ്ചേരി ടൂറിസം രംഗത്ത് പുതിയ കുതിപ്പുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര കയാക്കിങ് ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ രാജ്യത്ത് നടക്കുന്ന ഓഫ്റോഡ് മത്സരങ്ങളിൽ കൂടുതൽ പങ്കെടുക്കുന്നത് മലയാളികളാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി .

നിലവിൽ കേരളത്തിൽ ഓഫ്റോഡ് ചാമ്പ്യൻഷിപ്പുകൾ നടത്താനുള്ള സൗകര്യമില്ല. നിയമപരമായും മറ്റുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ മലയാളികളെ കൂടാതെ കേരളത്തിന്റെ പുറത്ത് നിന്നും ആളുകൾ എത്തും. ഇത്‌ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുമെന്ന് മന്ത്രി പറഞ്ഞു.

ഇതോടൊപ്പം പുലിക്കയത്തെ കൈരളി എസ്റ്റേറ്റിൽ തയാറാക്കിയ ഓഫ്‌ലൈൻ ട്രാക്കിലൂടെ മന്ത്രിയും ജനപ്രതിനിധികളും ജീപ്പിൽ യാത്ര നടത്തി. കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര കയാക്കിങ് ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി നിർവഹിച്ചു, വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ വൈറ്റ് വാട്ടർ കയാക്കിങ്, റാഫ്റ്റിങ്, റെസ്ക്യൂ എന്നിവയിലും പാക്ക് റാഫ്റ്റിങ്ങിലും ക്രാഷ് പരിശീലന കോഴ്സുകൾ ഇവിടെ നൽകും.