രാഹുലിനെ കരിച്ചുകളയാമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ ആ പരിപ്പ് ഇവിടെ വേകില്ല: കെ സുധാകരൻ


സര്‍ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നാടകീയമായ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സ്തുതിപാഠകരാല്‍ ചുറ്റപ്പെട്ട മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുലിനെ കരിച്ചുകളയാമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ ആ പരിപ്പ് ഇവിടെ വേകില്ല. ഇതിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം പൊലീസ് മര്‍ദനമേറ്റ രാഹുലിനെ ആശുപത്രിയില്‍നിന്നു ചികിത്സ കഴിഞ്ഞ് വന്നയുടനേയാണ് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തത്. ഭീകരോടുംപോലും ഇങ്ങനെ ചെയ്യില്ല. ക്രിമിനല്‍ കേസിലെ പ്രതികളെ പിടികൂടുന്നതുപോലെ വീടുകയറി വളഞ്ഞിട്ട് പിടികൂടേണ്ട ഒരു സാഹചര്യവുമില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ രാഹുല്‍ ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന പൊതുപ്രവര്‍ത്തകനാണ്.
നോട്ടീസ് അയച്ചുവിളിച്ചാല്‍ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്നയാളാണ് അദ്ദേഹമെന്നും കെ സുധാകരന്‍ പറഞ്ഞു. സിപിഎമ്മും പൊലീസും ചേര്‍ന്നുള്ള വ്യക്തമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടിയും ഇരുമ്പുവടിയും കൊണ്ട് അക്രമിച്ച ഡിവൈഎഫ്ഐ – സിപിഎം ക്രിമിനലുകളും കുറുവടി ഉപയോഗിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും കെപിസിസി ഭാരവാഹിയുടെ വീടാക്രമിച്ച ക്രിമിനലുകളും സ്വൈര്യവിഹാരം നടത്തുമ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കാമെന്നാണ് ഫാസിസ്റ്റ് ഭരണാധികാരി കരുതുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.