വൈദ്യുതി ഉപയോഗം ക്രമാതിതമായി ഉയർന്നാൽ നിയന്ത്രണം വേണ്ടിവരും: മന്ത്രി കെ കൃഷ്ണൻ കുട്ടി
വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം കൂടിയത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഉയർന്ന വില കൊടുത്താണ് കഴിഞ്ഞ ദിവസം വൈദ്യുതി വാങ്ങിയത്. പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി. വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.
ഇപ്പോഴുള്ളതിലും ഉപയോഗം ക്രമാതീതമായി ഉയർന്നാൽ കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരും. വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, സൗര പദ്ധതിയുടെ നിലവിലെ ലക്ഷ്യമായ 200 മെഗാവാട്ട് പൂർത്തീകരിക്കുന്നതിന് കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയം 6 മാസം കൂടി അനുവദിച്ചു.
കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ സൗര പദ്ധതി നടത്തിപ്പിലെ മികവ് പരിഗണിച്ചാണ് പൂർത്തീകരണ കാലാവധി നീട്ടി നൽകിയത്. നിലവിൽ 124 മെഗാവാട്ട് സൗരോർജ്ജ സ്ഥാപിതശേഷിയാണ് സൗര പദ്ധതിയിലൂടെ ആർജ്ജിച്ചിട്ടുള്ളത്. ശേഷിക്കുന്ന 76 മെഗാവാട്ട് ഈ നിലയിൽ 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കും. പുതുക്കിയ ബെഞ്ച് മാർക്ക് കോസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സബ്സിഡി തുക ഉപഭോക്താക്കൾക്ക് ലഭിക്കുക.