കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുറപ്പെടാന്‍ വൈകിയാൽ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും

single-img
21 May 2024

കേരളത്തിൽ ഇനിമുതൽ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകി എന്നതിനാൽ യാത്ര മുടങ്ങിയാല്‍ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍ താമസിക്കുകയോ, മുടങ്ങുകയോ ചെയ്താല്‍ യാത്രക്കാര്‍ക്കു തുക തിരികെ ആവശ്യപ്പെടാം. 24 മണിക്കൂറിനുള്ളില്‍ തുക തിരികെ നല്‍കും.

റിസര്‍വേഷന്‍ സംവിധാനത്തിൽ ഉണ്ടാകുന്ന പിഴവുകള്‍ക്കു സേവനദാതാക്കളില്‍നിന്നു പിഴ ഈടാക്കുകയും ആ തുക ഉപയോക്താവിനു നല്‍കുകയും ചെയ്യും. ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം ഏറെക്കാലമായി പുറംകരാര്‍ നല്‍കിയിരിക്കുകയാണ്. ഈ ഏജന്‍സികളുടെ പിഴവിനു പിഴ ചുമത്തും

. വാഹനാപകടം, സാങ്കേതികത്തകരാര്‍ എന്നിവ കാരണം യാത്ര പൂര്‍ത്തിയാക്കാതെ വന്നാല്‍ ടിക്കറ്റ് തുക രണ്ടു ദിവസത്തിനുള്ളില്‍ തിരികെനല്‍കും. ഇതിനാവശ്യമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഇന്‍സ്‌പെക്ടര്‍ ഉടന്‍ നല്‍കണം. തുക തിരികെ നല്‍കുന്നതില്‍ വീഴ്ചവന്നാല്‍ ഉദ്യോഗസ്ഥരില്‍നിന്നു പിഴ ഈടാക്കും. റിസര്‍വേഷന്‍ സംവിധാനത്തിലെ തകരാര്‍ കാരണം യാത്രക്കാരന്റെ വിശദാംശങ്ങള്‍ അന്തിമ ചാര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെങ്കിലും ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കും.

റൂട്ട് മാറി ഓടിയതുകാരണം ബുക്കിങ് സ്റ്റോപ്പില്‍നിന്നു യാത്രക്കാരെ കയറ്റാന്‍ കഴിഞ്ഞില്ലെങ്കിലും തുക തിരികെ നല്‍കും. എ.സി. സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്കു പകരം താഴ്ന്നവിഭാഗത്തിലെ ബസുകളാണ് യാത്രയ്ക്ക് ഉപയോഗിച്ചതെങ്കില്‍ അതിന്റെ ടിക്കറ്റ് നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ, ശേഷിക്കുന്ന തുക തിരികെനല്‍കും.

യാത്രാവേളയില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഹാജരാക്കാന്‍ കഴിയാതെവന്നാല്‍ ബസില്‍നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. ഇത്തരം കേസുകളില്‍ അടിസ്ഥാനനിരക്കിന്റെ 50 ശതമാനംവരെ തിരികെ ലഭിക്കും. യാത്രചെയ്തില്ലെങ്കില്‍ റീഫണ്ടിന് അര്‍ഹതയുണ്ടാകില്ല.