തെറ്റ് ചെയ്തവരുടെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ മാന്യന്മാരും സംശയ നിഴലിലാകും: കെ മുരളീധരൻ

single-img
20 August 2024

കഴിഞ്ഞ നാലര വർഷം ഹേമകമ്മിറ്റി റിപ്പോർട്ടിന് മുകളിൽ സംസ്ഥാന സർക്കാർ അടയിരുന്നതിന്‍റെ രഹസ്യമെന്തെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍. റിപ്പോർട്ട് പുറത്ത് വിടാൻ വൈകിതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

സോളാർ കമ്മീഷൻ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തു വിട്ടവരാണിവർ. ഹേമ കമ്മീഷൻ റിപ്പോർട്ട് നൽകിയത് മുഖ്യമന്ത്രിക്കാണ്. പിന്നെ എങ്ങനെയാണ് സർക്കാരിന് ഉത്തരവാദിത്വമില്ലാതാകുന്നതെന്ന് മുരളീധരൻ ചോദിച്ചു. അതേപോലെ തന്നെ, സ്ക്രീനിൽ നമ്മൾ ആരാധിക്കുന്നവർ സ്ക്രീനിന് പുറത്ത് കശ്മലന്മാരാണെന്ന് റിപ്പോർട്ട് പുറത്ത് വന്നതോടെ മനസിലായി.

തെറ്റ് ചെയ്തവരുടെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ മാന്യന്മാരും സംശയ നിഴലിലാകും. തെറ്റ് ചെയ്തവരുടെ പേര് പുറത്ത് വിടാതിരിക്കാൻ സർക്കാരിന് എന്താണ് ഇത്ര താത്പര്യമെന്നും അദ്ദേഹം ചോദിച്ചു. പൊതുപ്രവർത്തകരെന്നാൽ തുറന്ന പുസ്തകമാണ്. പൊതുപ്രവർത്തകരേക്കാൾ വലുതല്ലല്ലോ സിനിമ പ്രവർത്തകർ. ഇരകളുടെ പേരല്ലേ വെളിപ്പെടുത്താൻ പാടില്ലാത്തത്. തെറ്റ് ചെയ്ത കശ്മലന്മാരുടെ പേര് വെളിപ്പെടുത്താത്തത് എന്താണെന്നും കെ മുരളീധരന്‍ ചോദിച്ചു.