എസ് എഫ് ഐ തെമ്മാടി കൂട്ടങ്ങളെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ മുഖ്യമന്ത്രിയും നവ കേരള സദസ്സിൽ പ്രതിഷേധം നേരിടേണ്ടിവരും: കെ സുരേന്ദ്രൻ

single-img
16 December 2023

സംസ്ഥാന ഗവർണർക്കെതിരായി എസ് എഫ് ഐ തുടർച്ചയായി നടത്തുന്ന പ്രതിഷേധത്തിൽ മുന്നറിയിപ്പുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ഗവർണറെ നിരന്തരമായി വഴി തടയുകയും താമസിക്കുന്ന സ്ഥലത്ത് വന്ന് പേക്കൂത്ത് കാണിക്കുകയും ചെയ്യുന്ന എസ് എഫ് ഐ തെമ്മാടി കൂട്ടങ്ങളെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ മുഖ്യമന്ത്രിയും നവ കേരള സദസ്സിൽ ഇതുപോലെയുള്ള പ്രതിഷേധം നേരിടേണ്ടി വരുമെന്നു സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി .

ഗവർണർക്കെതിരായി എസ് എഫ് ഐ കാട്ടുന്നത് തെമ്മാടിത്തരമാണെന്നും, താമസിക്കുന്ന സ്ഥലത്തെത്തി ഗവർണറെ തടയുന്ന പ്രതിഷേധനങ്ങൾ അവസാനിപ്പിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. എസ് എഫ് ഐ ഗവർണർക്കെതിരായ തെമ്മാടിത്തം തുടർന്നാൽ നവകേരള സദസ് വേദിയിലേക്ക് ഉൾപ്പെടെ ബി ജെ പി പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി .

മുഖ്യമന്ത്രി പിണറായി വിജയൻറെ അറിവോടെയാണ് ഗവർണർക്കെതിരായ എസ് എഫ് ഐയുടെ പ്രതിഷേധം അരങ്ങേറുന്നത്. എസ് എഫ് ഐ ചെയ്യുന്നത് ഹൂളിഗണിസമാണെന്നും സി പി എം പ്രവർത്തകരുടെ തറവാട്ട് സ്വത്തല്ല കേരളത്തിലെ സർവകലാശാലകളെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. അധിക കാലം ഈ സർക്കാരിന് ഇങ്ങനെ തുടരാൻ കഴിയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.