കേരളം വിഭജിക്കാന്‍ നീക്കമുണ്ടായാല്‍ എന്ത് വില കൊടുത്തും ബിജെപി ചെറുത്ത് നില്‍ക്കും: കെ സുരേന്ദ്രൻ
കേരളത്തിനെ വിഭജിച്ച് മലബാര്‍ എന്ന പുതിയ സംസ്ഥാനം കൂടി ഉണ്ടാക്കണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ വിഭജിക്കാന്‍ നീക്കമുണ്ടായാല്‍ എന്ത് വില കൊടുത്തും ബിജെപി ചെറുത്ത് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു .കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളുടെ അമിതമായ മുസ്ലിം പ്രീണനത്തിന്റെ അനന്തരഫലമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഉയർത്തിയിരുന്ന ആവശ്യം ഇപ്പോൾ സമസ്ത ഏറ്റെടുത്തിരിക്കുന്നു. ഇനി വിഷയത്തിൽ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് കൂടി അറിഞ്ഞാല്‍ മതി. ഒരിക്കൽ മതത്തിന്റെ പേരില്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ തന്നെ ഇനി സംസ്ഥാനമാണ് ഇവര്‍ ആവശ്യപ്പെടുകയെന്ന് ജനസംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുസ്ലിം ലീഗാണ് കേരളത്തെ വെട്ടിമുറിക്കാനുള്ള നീക്കങ്ങള്‍ക്ക് അണിയറയില്‍ ചരട് വലിക്കുന്നതെന്ന് വ്യക്തമാണ്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരായവരുടെ പാരമ്പര്യമാണ് മുസ്ലിം ലീഗ് ഇപ്പോഴും പേറുന്നത്. കേരളത്തിന് ഒരു മുസ്ലിം മുഖ്യമന്ത്രിയെ ലഭിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മതമൗലികവാദികളുടെ നീക്കങ്ങള്‍ക്കെതിരെ എല്ലാവരും ജാഗ്രത കാണിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.