ഒരുമിച്ച് നിന്നാൽ യുഡിഎഫിന് കേരളത്തിൽ അധികാരത്തിലെത്താം: കെ മുരളീധരൻ


യുഡിഎഫ് ഒരുമിച്ചു നിന്നാൽ മാത്രമേ മൂന്നര വർഷം കഴിഞ്ഞ് കേരളത്തിൽ അധികാരത്തിൽ എത്താൻ കഴിയു എന്ന് കെ മുരളീധരൻ എം.പി. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും യു ഡി എഫ് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ലീഗ് പരാമർശം വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ സിപിഐഎം മുന്നണിയിൽ നിന്ന് അടർത്തിമാറ്റാൻ ശ്രമിക്കുന്നത്. മുസ്ലിം ലീഗ് വർഗീയപ്പാർട്ടിയാണെന്ന് ആറ് മാസം മുൻപ് വരെ സിപിഎം പറഞ്ഞിരുന്നു. കോൺഗ്രസിൽ എല്ലാ കാലത്തും ആശയപരമായ സംഘർഷം ഉണ്ടായിരുന്നു. അവശേഷിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നാളെ രാഷ്ട്രീയകാര്യ സമിതിയോഗം ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജ്യസഭയിൽ വന്ന ഏക സിവിൽ കോഡ് സ്വകാര്യ ബില്ലിനെ എതിർക്കുന്നതിൽ കോൺഗ്രസിന് ജാഗ്രത കുറവുണ്ടായെന്ന മുസ് ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബിന്‍റെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് വന്നു. ഏകീകൃത സിവിൽ കോഡിനെ രാജ്യസഭയിൽ കോൺഗ്രസ് എതിർത്തിട്ടുണ്ടെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു