എല്ലാ രാഷ്ട്രീയവും മോശമാണെന്ന് അഭിപ്രായമില്ല; എന്നാൽ ഇന്ത്യൻ കായികരംഗത്തെ രാഷ്ട്രീയം അസഹനീയമാണ്: പിടി ഉഷ

single-img
3 November 2024

നമ്മുടെ സമൂഹത്തിൽ ഉള്ളതിനേക്കാൾ വളരെ മോശമാണ് കായികരംഗത്തെ രാഷ്ട്രീയമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി.ഉഷ. “എല്ലാ രാഷ്ട്രീയവും മോശമാണെന്ന് എനിക്ക് അഭിപ്രായമില്ല, ഞാൻ ഇരുവശവും കാണുന്നു. എന്നാൽ ഇന്ത്യൻ കായികരംഗത്തെ രാഷ്ട്രീയം അസഹനീയമാണ്.” ഉഷ പറഞ്ഞു. കോഴിക്കോട് ബീച്ചിൽ നടന്നുകൊണ്ടിരിക്കുന്ന ഹോർത്തൂസ് കൾച്ചറൽ ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘അരവങ്ങൽക്കപ്പുറം’ എന്ന സെഷനിലാണ് മുൻ കായികതാരം കൂടിയായ ഉഷ തൻ്റെ നിലപാടും തീരുമാനവും അറിയിച്ചത്.

“ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ നയിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, എന്നിട്ടും ഈ സ്ഥാനത്ത് എത്തിയതിനാൽ എനിക്ക് പിന്നോട്ട് പോകാൻ ആഗ്രഹമില്ല. നിങ്ങൾ എന്തെങ്കിലും ഏറ്റെടുക്കുകയാണെങ്കിൽ, അത് നിശ്ചയദാർഢ്യത്തോടെ ചെയ്യണമെന്നും വിജയിക്കണമെന്നും ഞാൻ വിശ്വസിക്കുന്നു.” – ഉഷ പറഞ്ഞു.

“വിനേഷ് ഫോഗട്ടിന് സാധ്യമായതെല്ലാം ഞങ്ങൾ ചെയ്തു കൊടുത്തു. വിനേഷിനുള്ള പിന്തുണാ ടീമിൽ അഞ്ച് പരിശീലന സഹായികൾ ഉണ്ടായിരുന്നു. ഇത് ഇന്ത്യൻ കായിക ചരിത്രത്തിൽ അഭൂതപൂർവമായതാണ്. അവരുടെ ഭാരത്തെക്കുറിച്ച് ഞാൻ ലോക ഗുസ്തി പ്രസിഡൻ്റുമായി സംസാരിച്ചു. ഭാരക്കുറവ് പാലിക്കേണ്ടത് കായികതാരത്തിൻ്റെ ഉത്തരവാദിത്തമാണെന്നും അവർ വ്യക്തമാക്കി.”- ഒളിമ്പിക്‌സ് വിവാദങ്ങളെ അഭിസംബോധന ചെയ്ത് ഉഷ പറഞ്ഞു.