മൊബൈല്‍ ഫോണുകളുടെ ഐ.എം.ഇ.ഐ. നമ്ബര്‍ വില്‍പ്പനയ്ക്കു മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാക്കി കേന്ദ്രം

single-img
28 September 2022

2023 ജനുവരി 1 മുതല്‍ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളുടെയും ഐ.എം.ഇ.ഐ. നമ്ബര്‍ വില്‍പ്പനയ്ക്കു മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാക്കി കേന്ദ്രം.

ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി.

എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും സമാനമില്ലാത്ത 15 അക്ക ഐ.എം.ഇ.ഐ നമ്ബറുണ്ട്. ഇത് ഉപകരണത്തിന്റെ യുണീക് ഐഡിയാണ്. ഒരു ടെലികോം ശൃംഖലയുടെ ഭാഗമായി ഒരേ ഐ.എം.ഇ.ഐ നമ്ബറുള്ള ഒന്നിലധികം ഉപകരണങ്ങളുടെ സാന്നിധ്യം വരുന്നത് കാണാതായ മൊബൈല്‍ ഫോണുകളെ പിന്തുടര്‍ന്നുള്ള അന്വേഷണത്തെ ബാധിക്കും.

ഇന്ത്യയില്‍ നിര്‍മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈല്‍ ഫോണുകളും റജിസ്റ്റര്‍ ചെയ്യണമെന്നും ഐ.എം.ഇ.ഐ. നമ്ബറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍, ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്ടര്‍ഫീറ്റഡ് ഡിവൈസ് റസ്ട്രിക്‌ഷന്‍ പോര്‍ട്ടലില്‍ നിന്നു നേടണമെന്നുമാണ് ഉത്തരവ്. ഇത് ഫോണിന്റെ ആദ്യ വില്‍പ്പനയ്ക്കു മുന്‍പുതന്നെ പൂര്‍ത്തിയാക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.