കൈക്കൂലി വാങ്ങില്ല എന്നതിനു പുറമേ, കൈക്കൂലി വാങ്ങാൻ അനുവദിക്കില്ല എന്ന സാമൂഹിക പ്രതിബദ്ധതകൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടാകണം;റവന്യൂ മന്ത്രി കെ. രാജൻ

single-img
25 May 2023

ജനങ്ങള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കരുതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കൈക്കൂലി വാങ്ങില്ല എന്നതിനു പുറമേ, കൈക്കൂലി വാങ്ങാൻ അനുവദിക്കില്ല എന്ന സാമൂഹിക പ്രതിബദ്ധതകൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് മണ്ണാര്‍ക്കാടുനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

റവന്യൂ വകുപ്പില്‍ ജോലിചെയ്യുന്ന ഒരാളില്‍നിന്ന് ഇത്ര വലിയ അഴിമതിയുണ്ടായത് ഗൗരവതരമാണ്. ഇയാളെ സംഭവം അറിഞ്ഞ ഉടൻതന്നെ സസ്പെൻഡ് ചെയ്തു. അഴിമതിക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ജനങ്ങള്‍ ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കരുത്. ഇത്തരം അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.

റവന്യൂ ഉദ്യോഗസ്ഥരില്‍നിന്നുണ്ടാകുന്ന അഴിമതികള്‍ അറിയിക്കാനായി ജൂണ്‍ മുതല്‍ ഒരു പോര്‍ട്ടലും ടോള്‍ ഫ്രീ നമ്ബറും ആരംഭിക്കും. ഇതുവഴി ആളുകള്‍ക്ക് എവിടെനിന്നും എളുപ്പത്തില്‍ അഴിമതിക്കാരെ സംബന്ധിച്ച വിവരമറിയിക്കാനാവും. റവന്യൂ വകുപ്പിന്റെ എല്ലാ ഓഫീസുകളിലും മൂന്നു വര്‍ഷം കഴിഞ്ഞ എല്ലാ വില്ലേജ് അസിസ്റ്റന്റുമാരെയും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെയും മാറ്റിനിയമിക്കാനാവശ്യമായിട്ടുള്ള നിര്‍ദേശം ലാൻഡ് റവന്യൂ കമ്മിഷന് നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

അഴിമതിയെന്നത് റവന്യൂ വകുപ്പിലെ മാത്രം പ്രശ്നമല്ല. സര്‍ക്കാരിനെയും സര്‍ക്കാര്‍ ജീവനക്കാരെയും ബാധിക്കുന്ന പൊതുവായ അപകടമാണിത്. മഹാഭൂരിപക്ഷം വരുന്ന ജീവനക്കാര്‍ വളരെ സത്യസന്ധമായി ജോലിചെയ്യുന്നവരാണ്. അതിനെ മുതലെടുക്കുന്ന ഒരു വിഭാഗത്തിനെതിരായി വലിയ സമരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍തന്നെ ഉയര്‍ന്നുവരണം. സ്വയം കൈക്കൂലി വാങ്ങില്ല എന്നതിനു പുറമേ, മറ്റുള്ളവരെ വാങ്ങാൻ അനുവദിക്കില്ല എന്ന സാമൂഹിക പ്രതിബദ്ധതകൂടി എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുണ്ടാകണമെന്നും റവന്യൂ മന്ത്രി പറഞ്ഞു.