പാലക്കാട് വാണിയംകുളം പനയൂരിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുന്നു;റബര്‍ ഷീറ്റ് അടിക്കുന്ന മെഷീന്‍ ചക്രം മുതല്‍ കിണറിലെ മോട്ടോര്‍ വരെ

single-img
28 June 2023

ഷൊര്‍ണൂര്‍: പാലക്കാട് വാണിയംകുളം പനയൂരിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. റബർ എസ്റ്റേറ്റിലെ ഷെഡുകളിലും പൊതു കിണറിലും സ്ഥാപിച്ചിരുന്ന മോട്ടോറുകളാണ് പ്രധാനമായി മോഷണം പോകുന്നത്. ഷൊർണൂർ പൊലീസ്‌ കേസെടുത്തു അന്വേഷണം തുടങ്ങി.

വാണിയംകുളം പനയൂരിൽ മോഷണം തുടർക്കഥയാവാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പനയൂർ വായനശാല പരിസരത്തെ ജലധാര കുടിവെള്ള പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് അനുവദിച്ചു നൽകിയ മോട്ടോറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പനയൂർ വായനശാല പ്രദേശത്തെ നൂറ്റി എൺപത്തി അഞ്ച് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുന്നാത്തുപടി പൊതു കിണറിൽ സ്ഥാപിച്ച മോട്ടോറാണ് മോഷ്ടാക്കൾ കവർന്നത്.

കഴിഞ്ഞ ഒരു മാസത്തിനകം സമീപപ്രദേശങ്ങളിലെ റബ്ബർ എസ്റ്റേറ്റുകളിലും വീടുകളിലും മോഷണം നടന്നിരുന്നു. മൂന്നുമാസം മുൻപ് സമീപ പ്രദേശത്ത് നിർമ്മാണ പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുന്ന വീട്ടിലെ കിണിറിന്റെ മോട്ടോർ മോഷണം പോയിരുന്നു.

റബ്ബർ എസ്റ്റേറ്റുകളിലെ ഡിഷുകൾ, ഷീറ്റടിക്കുന്ന മെഷീനിന്റെ ചക്രങ്ങൾ എന്നിവയും മോഷണം പോയതിനെ തുടർന്ന് ടാപ്പിങ്ങ് തൊഴിലാളികൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞില്ല.