ബിഹാറിൽ 1710 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം മൂന്നാമതും തകർന്നു
17 August 2024
ബിഹാറിൽ ഗംഗാ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിൻ്റെ ഒരു ഭാഗം ഇന്ന് തകർന്നു. മൂന്നാം തവണയാണ് ഇതേ പാലം തകരുന്നത്. 2023 ജൂൺ 5നും 2022 ഏപ്രിൽ ഒമ്പതിനും പാലത്തിന്റെ ഒരുഭാഗം തകർന്നിരുന്നു.
ഇന്ന് രാവിലെയാണ് പാലം തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ പതിനൊന്ന് വർഷമായി നിർമിക്കുന്ന പാലമാണ് തകർന്നത്. 1710 കോടി രൂപ ചെലവാക്കിയാണ് പാലം നിർമാണം പുരോഗമിക്കുന്നത്.
അതേസമയം, ബിഹാറിൽ നാലാഴ്ചയ്ക്കിടെ 15 പാലങ്ങൾ തകർന്നു. കനത്ത വെള്ളപ്പൊക്കത്തിൽ അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിലെ പർമൻ നദിയിലെ പാലവും തകർന്നിരുന്നു. സംസ്ഥാനത്ത് ഒന്നിലധികം പാലങ്ങൾ തകർന്ന സംഭവങ്ങളിൽ സുപ്രീം കോടതി ഇടപെട്ടിരുന്നു.