ബ്രിട്ടനില്‍ മലയാളി നഴ്സും രണ്ട് കുട്ടികളും മരിച്ച സംഭവം കൊലപാതകം; ഭർത്താവിനെതിരെ കൊലക്കുറ്റം
ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി നഴ്സും രണ്ട് കുട്ടികളും മരിച്ച സംഭവം കൊലപാതകമെന്ന് യു.കെ പൊലീസ് സ്ഥിരീകരിച്ചു.
ബ്രിട്ടനിലെ കെറ്ററിങ്ങില്‍ ജനറല്‍ ആശുപത്രിയില്‍ നഴ്സ് ആയിരുന്ന അഞ്ജുവും മക്കളായ ജാന്‍വിയും ജീവയുമാണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ ശ്രീകണ്ഠാപുരം പടിയൂര്‍ സ്വദേശിയായ ഭര്‍ത്താവ് സാജുവിനെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്ന് പൊലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചു.
കുട്ടികളുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടവും ഇന്ന് നടക്കും. അഞ്ജുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് അറിയിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സാജുവിനെ 72 മണിക്കൂര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കും.
വ്യാഴാഴ്ചയാണ് അഞ്ജുവിനെയും (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയും ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബ് അഞ്ജു മരണപ്പെട്ടിരുന്നു. കുട്ടികള്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
അഞ്ജു ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. കുത്തേറ്റ നിലയിലാണ് അഞ്ജുവിനെ വീട്ടില്‍ കണ്ടെത്തിയത്.
ബാംഗ്ലൂരില്‍ വെച്ച് സാജുവുമായി പരിചയത്തിലായ അഞ്ജു 2012 ലാണ് വിവാഹം കഴിക്കുന്നത്. വിവാഹശേഷം ഇരുവരും സൗദിയിലായിരുന്നു.അവിടെ ഡ്രൈവറായായിരുന്നു സാജു. 2021 ഒക്ടോബറില്‍ യുകെയിലേക്ക് പോയ ഇരുവരും ആറ് മാസങ്ങള്‍ക്ക് മുന്‍പ് കുട്ടികളെയും യുകെയിലേക്ക് കൊണ്ടുപോയി. കാര്യമായ കുടുംബപ്രശ്നങ്ങള്‍ ഉള്ളതായി അറിയിച്ചിരുന്നില്ലെങ്കിലും മകള്‍ സന്തോഷവതി ആയിരുന്നില്ലെന്ന് കുടുബം പറഞ്ഞിരുന്നു.