കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനിമാരുടെയല്ല, ദരിദ്രരുടെ സർക്കാരായിരിക്കും ഉണ്ടാവുക: രാഹുൽ ഗാന്ധി
രാജ്യത്ത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനിമാരുടെയല്ല, ദരിദ്രരുടെ സർക്കാരായിരിക്കുമെന്ന് രാഹുൽ ഗാന്ധി . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തെ 2-3 ശതകോടീശ്വരന്മാരുടെ ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നതെന്നും എന്നാൽ കോൺഗ്രസ് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാവപ്പെട്ടവരുടെ സർക്കാരാണ് ഉണ്ടാവുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഛത്തീസ്ഗഢ്, രാജസ്ഥാൻ, കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിന് പിന്നാലെ വരാനിരിക്കുന്ന സർക്കാരുകൾ പാവപ്പെട്ടവരുടെ സർക്കാരുകളായിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ഛത്തീസ്ഗഡിലെ നവ റായ്പൂരിൽ രാജീവ് യുവമിതൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൗറീഷ്യസ് ഫണ്ടുകൾ പൊതുവിൽ വ്യാപാരം നടത്തുന്ന കമ്പനികളുടെ ഓഹരികളിലേക്ക് കാര്യമായ നിക്ഷേപം ഒഴുക്കിയെന്ന ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (OCCRP) റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിനും അദാനി ഗ്രൂപ്പിനുമെതിരെ രാഹുൽ ഗാന്ധിയുടെ ആക്രമണം. ബി ജെ പി വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.