വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയെ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ ജാതിപ്പേരു വിളിച്ച് അസഭ്യം പറഞ്ഞു, ചുരിദാര്‍ വലിച്ചുകീറി
തൊടുപുഴ: സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയെ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് ജാതിപ്പേരു വിളിച്ചെന്നും വസ്ത്രം കീറി അപമാനിക്കാന്‍ ശ്രമിച്ചെന്നും പരാതി.
സ്കൂളിലെ താല്‍ക്കാലിക അധ്യാപികയാണ് പരാതി നല്‍കിയത്. അടിമാലി ഇരുമ്ബുപാലം ഗവ. എല്‍ പി സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സി എം ഷമീമിനെതിരെയാണു പരാതി.
ഷമീമിനെതിരെ പട്ടികജാതി/വര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അധ്യാപകന്‍ ഒളിവിലാണ്. അന്വേഷണം നടന്നുവരികയാണെന്നാണ് ഡിവൈഎസ്പി ബിനു ശ്രീധര്‍ പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അധ്യാപികയുടെ ആരോപണം. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അടുത്ത മാസം മുതല്‍ സ്കൂളിനു മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് അധ്യാപികയും കുടുംബവും അറിയിച്ചു.
കഴിഞ്ഞ മാസം 15നാണു സംഭവം. ക്ലാസെടുക്കുന്നതിനിടെ തന്നെ വിളിച്ചിറക്കി വിദ്യാര്‍ഥികള്‍ കണ്ടുനില്‍ക്കെ ജാതിപ്പേരു വിളിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചുരിദാറിന്റെ ഷാള്‍ വലിച്ചൂരാന്‍ ശ്രമിച്ചെന്നുമാണ് അധ്യാപികയുടെ പരാതി. ഷാള്‍ വലിച്ചപ്പോള്‍ ചുരിദാര്‍ കീറിപ്പോയെന്നും പരാതിയില്‍ പറയുന്നു. തൊഴിലിടത്തെ വൈരാഗ്യമാണ് അവഹേളനത്തിനു പിന്നിലെ കാരണമെന്നാണ് യുവതി പറയുന്നത്.