ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിക്കായി ഇന്ന് സൗരാഷ്ട്ര മേഖലയില്‍ റാലികള്‍ നടത്തും

single-img
20 November 2022

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിക്കായി ഇന്ന് സൗരാഷ്ട്ര മേഖലയില്‍ റാലികള്‍ നടത്തും.

രാവിലെ സോംനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം നാലിടങ്ങളില്‍ പ്രധാനമന്ത്രി റാലിയില്‍ പങ്കെടുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ട മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണമെന്ന് ശ്രദ്ധേയമാണ്. നാളെയും മറ്റന്നാളും സംസ്ഥാനത്ത് തുടരുന്ന മോദി എട്ടിടങ്ങളില്‍ കൂടി റാലി നടത്തുമെന്ന് ബിജെപി സംസ്ഥാന ഘടകം അറിയിച്ചു. അതേസമയം, മറ്റന്നാള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തിലേക്ക് എത്തും. നവസാരിയിലാണ് രാഹുല്‍ ഗാന്ധിയുടെ റാലി.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി ഇന്നലെ ഗുജറാത്തില്‍ വമ്ബന്‍ റോഡ് ഷോ നടത്തിയിരുന്നു. വല്‍സാഡ് ജില്ലയിലാണ് ആയിരങ്ങളെ അണിനിരത്തി വമ്ബന്‍ റോഡ് ഷോ നടത്തിയത്. ബിജെപിയും ഗുജറാത്തും തമ്മില്‍ അഭേദ്യ ബന്ധമെന്ന് മോദി വല്‍സാഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. ബിജെപിയുടെ ഭരണകാലത്ത് വലിയ തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഒരു ജിബി ഇന്‍്റര്‍നെറ്റിന് 300 രൂപ നല്‍കേണ്ടിയിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ അത് പത്ത് രൂപയിലേക്ക് കുറഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത മൂന്ന് ദിവസവും ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കും.

അടുത്ത ഒന്ന് അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തില്‍ നിലവിലെ ഭരണകക്ഷിയായ ബിജെപി ഏഴാം തവണയും സംസ്ഥാന ഭരണം നിലനിര്‍ത്തും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ അഭിപ്രായ സര്‍വേ നിരീക്ഷിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ 48 ശതമാനം വോട്ട് വിഹിതത്തോടൊണ് ബിജെപി വീണ്ടും ഭരണം പിടിക്കുക എന്നാണ് അഭിപ്രായ സര്‍വേ പറയുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുകയാണെങ്കില്‍ 182 അംഗ നിയമസഭയില്‍ 133 മുതല്‍ 143 വരെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ അഭിപ്രായ സര്‍വേ പറയുന്നത്. അതേസമയം ഇപ്പോഴത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനും 28 മുതല്‍ 37 വരെ സീറ്റും. ആംആദ്മി പാര്‍ട്ടിക്ക് 5 മുതല്‍ 14 വരെ സീറ്റുകള്‍ നേടാനാകും എന്നാണ് സര്‍വേ പറയുന്നത്.