ഇറാനില്‍ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകാതിരിക്കാന്‍ ക്ലാസ് മുറികളില്‍ പെണ്‍കുട്ടികള്‍ക്കു നേരെ വിഷവാതക പ്രയോഗം

single-img
27 February 2023

ഇറാനില്‍ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകാതിരിക്കാന്‍ ക്ലാസ് മുറികളില്‍ പെണ്‍കുട്ടികള്‍ക്കു നേരെ വിഷവാതക പ്രയോഗം.

വിഷവാതകം പ്രയോഗം നടന്നതായി ഇറാന്‍ ആരോഗ്യ ഉപമന്ത്രി യോനസ് പനാഹി സ്ഥിരീകരിച്ചു. ക്വാം നഗരത്തിലെ സ്കൂളുകളില്‍ ചില വ്യക്തികളാണ് പെണ്‍കുട്ടികള്‍ക്കു നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയതെന്ന് യോനസ് നാഹി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ നവംബര്‍ മാസം നൂറ് കണക്കിന് പെണ്‍കുട്ടികളാണ് ശ്വാസകോശ വിഷബാധയെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയത്. ക്വാമില്‍ കരുതിക്കൂട്ടിയുള്ള പ്രയോഗമാണ് നടന്നിട്ടുള്ളതെന്ന് ഇന്നലെ മന്ത്രി വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്ക് വിഷബാധയേറ്റതിനാല്‍ ക്വാമിലെ സ്കൂളുകള്‍ അടച്ചുപൂട്ടണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നതെന്ന് മന്ത്രി പറയുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

പെണ്‍കുട്ടികള്‍ക്ക് നേരെ വിഷവാതകപ്രയോഗം നടന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. അതേസമയം, സംഭവത്തില്‍ രഹന്യാന്വേഷണ വിഭാഗവും വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നതായി സര്‍ക്കാര്‍ വക്താവ് അലി ബഹദൂരി ജെഹ് റോമി പറഞ്ഞു. വിഷബാധയ്ക്ക് കാരണം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂഡീഷ്യല്‍ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിജാഹ് നിയമം ലംഘിച്ചതിന് അറസ്റ്റിലായ 22കാരിയായ കുര്‍ദ് മഹ്സ അമിനി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് വിഷവാതക പ്രയോഗം ഉണ്ടാവുന്നത്. കുര്‍ദിന്റെ മരണത്തില്‍ ലോകവ്യാപകമായി പ്രതിഷേധം ശക്തിപ്പെട്ടിരുന്നു. ലണ്ടനിലും പാരീസിലും ഉണ്ടായ പ്രതിഷേധങ്ങളില്‍ നിരവധി പേരാണ് അറസ്റ്റിലായത്.