കാസർകോട്ടെ മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് പോയിട്ടില്ല ; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ
കാസർഗോഡ് മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അനുകൂലമായി അധിക വോട്ടുകൾ രേഖപ്പെടുത്തിയെന്ന ആരോപണം തെറ്റെന്ന വാദവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറും റിട്ടേർണിംഗ് ഒഫീസറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിൽ മറുപടി നൽകി..
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് പരാതി പരിശോധിക്കാൻ കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു . മോക് പോളിൽ ഏറ്റവും കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് എൽഡിഎഫും യുഡിഎഫും കലക്‌ടർക്ക് പരാതി നൽകിയിരുന്നത്.
അതേസമയം, മോക് പോളിന്റെ ആദ്യ റൗണ്ടിൽ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്‌തത്. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ പത്ത് ഓപ്ഷനുണ്ട്.
ഓരോ ഓപ്ഷനും ഓരോ തവണ അമർത്തി പരീക്ഷിച്ചപ്പോൾ നാലു മെഷീനുകളിൽ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമായിരുന്നു. ബിജെപിയുടെ ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഈ മെഷീനുകൾ മാറ്റണമെന്ന് ഏജന്റുമാർ ആവശ്യപ്പെടുകയായിരുന്നു.