കൊച്ചിയില്‍ കുടുംബശ്രീയുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി ബാങ്കിൽ നിന്ന് വായ്പ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ്  അന്വേഷണം

single-img
1 July 2023

കൊച്ചി: കുടുംബശ്രീയുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി ബാങ്കിൽ നിന്ന് വായ്പ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷം ഊര്‍ജ്ജിതമാക്കി. പശ്ചിമ കൊച്ചി സി ഡി എസിന്‍റേയും കൊച്ചി കോര്‍പ്പറേഷനിലെ രണ്ട് കൗൺസിലര്‍മാരുടേയും പരാതിയില്‍ പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അയല്‍ കൂട്ടങ്ങളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കിയാണ് ബാങ്കില്‍ നിന്ന് വായ്പ്പാ തട്ടിപ്പ് നടത്തിയിട്ടുള്ളത്. യൂണിയൻ ബാങ്കിന്‍റെ വെല്ലിംഗ്ടൻ ഐലന്‍റ് ശാഖയില്‍ നിന്ന് അറുപതു ലക്ഷത്തോളം രൂപയുടെ വായ്പ്പാ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രഥമിക പരിശോധനയില്‍ പൊലീസിന് വ്യക്തമായിട്ടുള്ളത്. നിര്‍ജീവമായതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതുമായ അയല്‍ കൂട്ടത്തിന്‍റെ പേരില്‍ കൃത്രിമമായി രേഖകളുണ്ടാക്കിയാണ് ബാങ്കില്‍ നിന്ന് ലോണെടുത്തിട്ടുള്ളത്. സിഡിഎസ് ചെയര്‍ പേഴ്സൺ, കോര്‍പ്പറേഷനിലെ രണ്ട് കൗൺസിലര്‍മാര്‍ എന്നിവരുടെ ഒപ്പുകളും സീലുകളുമെല്ലാം വ്യാജമായി ഉണ്ടാക്കിയാണ് വായ്പയെടുത്തിട്ടുള്ളത്.

സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവൻ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്നലെ ചേര്‍ന്ന കൊച്ചി കോര്‍പ്പറേഷൻ കൗൺസില്‍ യോഗം പൊലീസിനോട് ആവശ്യപെട്ടു. കോര്‍പ്പറേഷനിലെ 2 വാർഡുകളിൽ നിന്നായി 7 സംഘങ്ങളുടെ പേരിൽ നടത്തിയ തട്ടിപ്പുകളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.