പൊതുമരാമത്ത് വകുപ്പ് പത്തനംതിട്ടയിൽ ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തിയ അഞ്ച് റോഡുകൾ തകർന്നു
പത്തനംതിട്ട: പൊതുമരാമത്ത് വകുപ്പ് പത്തനംതിട്ടയിൽ ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തിയ അഞ്ച് റോഡുകൾ തകർന്നു തുടങ്ങി. ഇളകി മാറിയ ടാറിൽ തെന്നി വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായി. പത്തനംതിട്ട മല്ലപ്പള്ളി മേഖലയിലാണ് പ്രതിസന്ധി. റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിലാണ് റോഡുകൾ അറ്റകുറ്റപ്പണി നടത്തിയതെന്നും അതിനാൽ കരാറുകാരനെ കൊണ്ട് തന്നെ റോഡുകൾ നന്നാക്കുമെന്നും പിഡബ്ല്യുഡി അധികൃതർ പറയുന്നു.
പത്തനംതിട്ട നഗരത്തെയും പ്രാന്ത പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന അഞ്ച് റോഡുകളിലാണ് ദുരവസ്ഥ. ഈ റോഡുകൾ ചൂല് കൊണ്ട് തൂത്ത് വൃത്തിയാക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. ടാർ ഇളകി മാറി റോഡ് ഉരുളൻ കല്ലുകൾ കൊണ്ട് നിറഞ്ഞതോടെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്.
അറ്റകുറ്റപ്പണി നടത്തിയ മല്ലപ്പള്ളി – ബ്ലോക്ക് പടി റോഡ്, പടുവേൽക്കുന്ന് – നെല്ലിമൂട് റോഡ് തുടങ്ങി അഞ്ചോളം റോഡുകളാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ തകർന്നത്. പലയിടത്തായി അപകടത്തിൽ പെട്ട് പരിക്കേറ്റവർ നിരവധിയാണ്. അതേസമയം റണ്ണിംഗ് കോൺട്രാക്ട് വ്യവസ്ഥയിലാണ് കരാറുകാരൻ അറ്റകുറ്റപ്പണി നടത്തിയതെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പറയുന്നത്. അതിനാൽ തന്നെ കരാറുകാരന്റെ ചെലവിൽ തന്നെ റോഡുകൾ ഉടൻ നന്നാക്കുമെന്നും മല്ലപ്പള്ളി പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.