പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ തര്‍ക്കവിഷയമായ ഒരു വോട്ടുപെട്ടി കാണാനില്ല
മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ തര്‍ക്കവിഷയമായ ഒരു വോട്ടുപെട്ടി കാണാനില്ല.
തര്‍ക്കത്തെ തുടര്‍ന്ന് എണ്ണാതെ വെച്ച 348 സ്പെഷ്യല്‍ തപാല്‍ വോട്ടിന്റെ പെട്ടികളിലൊന്നാണ് കാണാതായത്. പെരിന്തല്‍മണ്ണ ട്രഷറിയില്‍ ആയിരുന്നു പെട്ടി സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥന്‍ ബാലറ്റ് കവറില്‍ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന മുസ്തഫയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.
തപാല്‍ വോട്ടുകള്‍ ഹൈക്കോടതിലേക്ക് മാറ്റുന്നതിനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് പെട്ടി കാണാനില്ലെന്ന കാര്യം മനസിലായത്. എന്നാല്‍, മറ്റൊരു ട്രഷറിയിലേക്ക് പെട്ടി മാറ്റി എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിശോധന തുടരുകയാണ്.