കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുജാഗ്രത നിര്‍ദ്ദേശം


തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുജാഗ്രത നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യമന്ത്രി.
കൂടുതല്‍ സാമ്ബിളുകളില്‍ ജനിതക ശ്രേണീകരണം നടത്തും. പ്രായം കൂടിയവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അവധികാല യാത്രകളില്‍ ജാഗ്രത വേണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കണക്ക് അനുസരിച്ച് ഇന്നലെ 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 20 ന് 79 പേര്‍ക്കും ഡിസംബര്‍ 19 ന് 36 പേര്‍ക്കും ഡിസംബര്‍ 18 ന് 62 പേര്‍ക്കും ഡിസംബര്‍ 17 ന് 59 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് പറഞ്ഞ മന്ത്രി, ജാഗ്രത കൈവിടരുതെന്നും ആവശ്യപ്പെട്ടു.
രോഗം ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്നാണ് ആരോഗ്യവകുപ്പിന്റെ പൊതു നിര്‍ദ്ദേശം. ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്നിരുന്നു. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണം എന്നാണ് നിര്‍ദേശം.
സംസ്ഥാനത്ത് നിലവില്‍ കോവിഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഡിസംബറില്‍ ഇതുവരെ 1431 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 51 കേസ് റിപ്പോര്‍ട്ട് ചെയ്തു. നൂറിനും താഴെയാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതിദിന കേസുകള്‍. പരിശോധനകള്‍ കുറവാണെന്നതും പ്രതിദിന കേസുകള്‍ കുറയാന്‍ കാരണമാണ്. എന്നാല്‍ അവധിക്കാലമാകുന്നതോടെ രോഗികളുടെ എണ്ണം കൂടിയേക്കാമെന്നാണ് വിലയിരുത്തല്‍.