കുട്ടികളുണ്ടാകാൻ ദുർമന്ത്രവാദം;യുവതിയെക്കൊണ്ട് മനുഷ്യ അസ്ഥിയുടെ പൊടി നിര്‍ബന്ധിച്ച് കഴിപ്പിച്ചു


പൂനെ: ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി യുവതിയെക്കൊണ്ട് മനുഷ്യ അസ്ഥിയുടെ പൊടി നിര്‍ബന്ധിച്ച് കഴിപ്പിച്ചു.
കുട്ടികളുണ്ടാകാനെന്ന് പറഞ്ഞാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെക്കൊണ്ട് മനുഷ്യാസ്ഥിയുടെ പൊടി കഴിപ്പിച്ചത്. പൂനെയിലാണ് സംഭവം. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളുമുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൂനെ പൊലീസ് കേസടുത്തു.
യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ ബന്ധുക്കള്‍, മന്ത്രവാദി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 2019 ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു. കുട്ടികളുണ്ടാകാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയിരുന്നത്.
സ്ഥിരമായി അമാവാസി ദിനങ്ങളില്‍ ദുര്‍മന്ത്രവാദത്തിന് നിര്‍ബന്ധിക്കും. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നിര്‍ബന്ധപൂര്‍വ്വം ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് മനുഷ്യാസ്ഥിയുടെ പൊടി കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി യുവതി വെളിപ്പെടുത്തി.
ഏഴ് പേര്‍ക്കെതിരെ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 498 എ, 323, 504, 506 എന്നിവയ്‌ക്കൊപ്പം അന്ധവിശ്വാസ വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 3 (നരബലിക്കെതിരെയുള്ള നിയമം) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൂനെ സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ സുഹൈല്‍ ശര്‍മ്മ പറഞ്ഞു. മഹാരാഷ്ട്രയിലെ ദുര്‍മന്ത്രവാദ നിര്‍മാര്‍ജന നിയമം 2013 പ്രകാരവും സ്ത്രീധന പീഡന നിരോധന നിയമപ്രകാരവും ഏഴു പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.