ബിബിസിയുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യൂമെന്ററിക്ക് പിന്നാലെ ബിബിസിയുടെ പ്രധാന ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് റെയ്ഡ് നടത്തുന്നത്.
ആദായ നികുതി വകുപ്പിലെ 15 ഉദ്യോഗസ്ഥരുടെ സംഘം ആണ് ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ റെയ്ഡ് നടത്തുന്നത്. ഇന്റർനാഷണൽ ടാക്സേഷൻ, ട്രാൻസ്ഫർ പ്രൈസിംഗ് ക്രമക്കേടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയെന്ന് വൃത്തങ്ങൾ അറിയിച്ചു.
കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യൻ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളും വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ പിടിഐയോട് പറഞ്ഞു.
അതിനിടെ, ബിബിസി ഓഫീസുകളിൽ ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതിനെ കോൺഗ്രസ് വിമർശിച്ചു. “അദാനി വിഷയത്തിൽ ഞങ്ങൾ ജെപിസി (ജോയിന്റ് പാർലമെന്ററി കമ്മിറ്റി) ആവശ്യപ്പെടുമ്പോൾ സർക്കാർ ബിബിസിക്ക് പിന്നാലെയാണ്.”- എഐസിസി ജനറൽ സെക്രട്ടറി ശ്രീ ജയറാംരമേശ് പറഞ്ഞു