ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു;ഒന്നാംപ്രതി പിടിയില്‍
ആലുവ: ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഒന്നാംപ്രതി പിടിയില്‍.
കണ്ണൂര്‍ ശങ്കരനല്ലൂര്‍ നെഹാല മഹല്‍ ഹാരിസിനെയാണ് (52) ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. മൂന്ന് മാസത്തോളം ഇയാള്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു. കണ്ണൂരിലെത്തിയ ഹാരിസിനെ ഇവിടെനിന്നുമാണ് പിടികൂടിയത്.
കൂത്തുപറമ്ബില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ്. ഹാരിസിന്റെ ഭാര്യ സുഹ്റയെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണസംഘം ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലൊക്കെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഇതോടെ കേസില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായി.
ജൂണ്‍ അഞ്ചിനാണ് സംഭവം. ഉച്ചക്ക് 11മണിയോടെ ബാങ്ക് കവലയിലുള്ള, സ്വര്‍ണാഭരണ നിര്‍മാതാവായ സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായനികുതി ഉദ്യോഗസ്ഥരെന്നുപറഞ്ഞ് അഞ്ചുപേര്‍ എത്തിയത്. പരിശോധന നടത്തി വീട്ടില്‍നിന്ന് 50 പവനോളം സ്വര്‍ണവും ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു.