റെയ്‌ഡ്; ബിബിസി സുപ്രീം കോടതിയെ സമീപിച്ചേക്കും

single-img
15 February 2023

ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ 11.56ന് ആരംഭിച്ച റെയ്ഡാണ് ഇപ്പോഴും തുടരുന്നത്. ആദായനികുതി വകുപ്പ് പരിശോധനയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ബി ബി സി ആലോചിക്കുന്നുണ്ടെന്നാണ് സൂചന.

റെയ്ഡ് ആരംഭിച്ചപ്പോള്‍ ബിബിസി ഡല്‍ഹി ഓഫീസിലെ എഡിറ്റര്‍മാരും ആദായനികുതി ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. റെയ്ഡുമായി ബന്ധപ്പെട്ട് ഓഫീസിലെ എല്ലാ സംവിധാനങ്ങളുടെയും സര്‍വേ നടത്തുമെന്ന കാര്യത്തിലാണ് വാക്കേറ്റമുണ്ടായത് എന്നാണു റിപ്പോർട്ട്.

തങ്ങളുടെ സിസ്റ്റങ്ങളിലെ എഡിറ്റോറിയല്‍ ഉള്ളടക്കങ്ങളിലേക്കൊന്നും പ്രവേശനം നല്‍കില്ലെന്ന് ബിബിസി എഡിറ്റര്‍മാര്‍ ഐടി ഉദ്യോഗസ്ഥരോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. റെയ്‌ഡ് നടക്കുമ്പോള്‍ ബിബിസി ഇന്ത്യാ മേധാവി (ഭാഷാ മേധാവി) രൂപ ഝാ ബിബിസി ഡല്‍ഹി ഓഫീസില്‍ ഉണ്ടായിരുന്നില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ ജീവനക്കാരുടെയും മൊബൈലുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചുവെച്ചിരുന്നു. ഇന്ന് ഫർക്ക് ഫ്രം ഹോം ചെയ്യാൻ ജീവനക്കാർക്ക് ബി ബി സി നിർദേശം നൽകി. ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുന്നുണ്ട്. പ്രശ്നം വേഗത്തിൽ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്വിറ്റിലൂടെ ബി ബി സി വ്യക്തമാക്കിയിരുന്നു. ഓഫീസ് പ്രവർത്തനം പതിവുപോലെ തുടരുമെന്നും ബി ബി സി വ്യക്തമാക്കി.