പോലീസ് സേനയിൽ ക്രിമിനലുകൾ കൂടുന്നത് സമൂഹത്തിന്റെ പ്രതിഫലനം: മുൻ ഡിജിപി ബി സന്ധ്യ

single-img
4 June 2023

സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ വർദ്ധിക്കുന്നത് സമൂഹത്തിന്റെ പ്രതിഫലനമെന്ന് മുന്‍ ഡിജിപി ബി സന്ധ്യ . പോലീസ് സേനയിൽ ക്രിമിനല്‍വത്കരണം വര്‍ധിക്കുന്നു എന്ന് അഭിപ്രായമില്ലെന്ന് വ്യക്തമാക്കിയാണ് സമൂഹത്തിലെ ക്രിമിനല്‍ വത്കരണത്തെ മുന്‍ ഡിജിപി ചൂണ്ടിക്കാട്ടുന്നത്.

കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനോട് ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി’ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബി സന്ധ്യ. ” ജിഷ വധക്കേസിന്റെ അന്വേഷണത്തിനിടെ നേരിട്ട ആരോപണങ്ങള്‍ വേദനിപ്പിച്ചു. നടിയെ ആക്രമിച്ച കേസ് മാധ്യമങ്ങള്‍ വളരെ ശ്രദ്ധയോടെ പിന്തുടരുന്ന ഒന്നായിരുന്നു. ചാനൽ ക്യാമറകള്‍ എല്ലായിടത്തും അന്വേഷണസംഘത്തെ പിന്തുടര്‍ന്നു.

പക്ഷെ വാര്‍ത്തകൾക്ക് പിറകെ പോകാനോ ഗാലറിക്ക് വേണ്ടി കളിക്കാനോ സമ്മര്‍ദത്തിന് വഴങ്ങാനോ പോലീസിന് കഴിയില്ല. മാധ്യമങ്ങളുടെ ശ്രദ്ധ നേടിയ കേസുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനുമാകില്ല. എല്ലാ കേസുകളും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തുല്യമാണ്” – ബി സന്ധ്യ ചൂണ്ടിക്കാട്ടി.

അതേപോലെ തന്നെ പോലീസുകാര്‍ക്കിടയില്‍ ആഭ്യന്തര തര്‍ക്കങ്ങളുള്ളതായി അറിയില്ലെന്ന് മുൻ ഡിജിപി വ്യക്തമാക്കുന്നു. ചിലപ്പോൾ ഉണ്ടാകാം, എന്നാൽ താന്‍ അതിന്റെ ഭാഗമായിട്ടില്ലെന്നും അത്തരം നടപടികള്‍ മോശമായ പ്രവണതയാണെന്നും ബി സന്ധ്യ പറയുന്നു.

കേരളത്തിലെ ഏറ്റവും മികച്ച ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നുവെന്ന് ബി സന്ധ്യ അഭിമുഖത്തിൽ പറഞ്ഞു. ”കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പോലീസിന് ആവശ്യമായ സ്വാതന്ത്ര്യം നൽകിയിരുന്നു. പറയുന്നകാര്യങ്ങൾ കേൾക്കാനും അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകുമായിരുന്നെങ്കിൽ അതിനും അദ്ദേഹം ശ്രമിച്ചിരുന്നു” – ബി സന്ധ്യ പറഞ്ഞു.

സംസ്ഥാന പോലീസ് സേനയിൽ നിന്നും 35 വര്‍ഷത്തെ സര്‍വീസിന് ശേഷം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിജിപിയായാണ് മെയ് 31ന് ബി സന്ധ്യ വിരമിച്ചത്. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതി ഉത്കൃഷ്ട സേവാപഥക് എന്നിവ ലഭിച്ചിട്ടുണ്ട്.