2040 ആകുമ്പോഴേയ്ക്കും ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കുകയാണ് ഇന്ത്യയുടെ ലക്‌ഷ്യം: പ്രധാനമന്ത്രി
2040 ആകുമ്പോഴേയ്ക്കും ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2035 ആകുമ്പോൾ സ്വന്തം ബഹിരാകാശ കേന്ദ്രം സൃഷ്ടിക്കാനും രാജ്യം തയ്യാറെടുക്കുകയാണ്. ഗഗൻയാൻ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് പ്രഖ്യാപനം.
ഇതിനായുള്ള ആവശ്യമായ നിർദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹിരാകാശ വകുപ്പിനു കൈമാറി. 2025 ആകുമ്പോഴേയ്ക്കും ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം നടത്തുകയാണ് ലക്ഷ്യമെന്ന് യോഗത്തിൽ തീരുമാനമായി. ഇവയുടെ പരീക്ഷണ ദൗത്യം ഈ ശനിയാഴ്ച നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ രാവിലെ 7 മുതൽ 9 വരെയാണ് പരീക്ഷണം.
മനുഷ്യ സംഘത്തെ 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ പദ്ധതി. 2035ഓടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ (ഇന്ത്യൻ ബഹിരാകാശ നിലയം) സ്ഥാപിക്കാനും 2040ഓടെ ചന്ദ്രനിൽ ആദ്യ ഇന്ത്യക്കാരനെ എത്തിക്കാനുമുള്ള പുതിയ സ്വപ്നങ്ങളിലേക്ക് നാം യാത്ര തുടങ്ങണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി ബഹിരാകാശ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.