പ്രതീക്ഷയോടെ ഇന്ത്യയും ഓസീസും;മൂന്നാം ഏകദിനത്തിന് ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയം വേദിയാകും

single-img
22 March 2023

Ind va Aus: ആദ്യ രണ്ട് ഏകദിനങ്ങളിലും ഓരോ ജയം വീതം സ്വന്തമാക്കി ഇന്ത്യയും ഓസീസും തുല്യമായി നിൽക്കുമ്പോൾ നിർണായകമായ മൂന്നാം ഏകദിനത്തിന് ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയം വേദിയാകും. ആദ്യ ഏകദിനത്തിൽ ഇന്ത്യ പൊരുതി നേടിയ ജയത്തിന് പകരമായി രണ്ടാം മത്സരത്തിൽ ഓസീസ് കണക്കു തീർത്തിരുന്നു. 

വിശാഖപട്ടണത്ത് പത്ത് വിക്കറ്റിന്റെ നാണംകെട്ട തോൽവിയാണു ഇന്ത്യ ഏറ്റുവാങ്ങിയത്. ഓസീസ് പേസർ മിച്ചൽ സ്‌റ്റാർക്കിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര കളി മറന്നതോടെയാണ് തോൽവി സംഭവിച്ചത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. ലോകകപ്പ് നടക്കാനിരിക്കെ മുന്നൊരുക്കത്തിനുള്ള സാധ്യതകളാണ് ഓസീസിന് എതിരായ പരമ്പര ഇന്ത്യയ്ക്ക് മുന്നിൽ തുറന്നിടുന്നത്. രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവർ ഉൾപ്പെടെ പരമ്പരയിൽ മികച്ച പ്രകടനം നടത്തുന്നതിൽ പരാജയപ്പെട്ടതോടെ മുൻനിരയുടെ കാര്യം ആശങ്കയിലാണ്.

ഓസ്‌ട്രേലിയക്കാവട്ടെ മിച്ചൽ മാർഷ് തന്റെ ബാറ്റിംഗ് ഫോം തുടരുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ മിച്ചൽ സ്‌റ്റാർക്കാണ് നയിക്കുന്നത്. സ്‌റ്റാർക്കിന്റെ അഞ്ച് വിക്കറ്റ് നേട്ടം വിശാഖിൽ നടന്ന മത്സരത്തിൽ നിർണായകമായി. ഇടങ്കയ്യൻ പേസർ ഇന്നും ഫോം തുടർന്നാൽ ഇന്ത്യൻ ബാറ്റർമാർക്ക് അത് കടുത്ത വെല്ലുവിളിയാവും.

അതേസമയം, ചെന്നൈയിലെ കാലാവസ്ഥയാണ് ആരാധകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. മത്സരത്തിന് തൊട്ടുമുമ്പും, മത്സരസമയത്തും മഴ ബുദ്ധിമുട്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. എങ്കിലും മത്സരം മുടങ്ങില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക.