പാകിസ്താനെ പരാജയപ്പെടുത്തി അണ്ടര്‍ 19 സാഫ് കിരീടം ഇന്ത്യയ്ക്ക്
നേപ്പാളിൽ നടന്ന അണ്ടര്‍ 19 സാഫ് കപ്പില്‍ ഫൈനലില്‍ പാകിസ്താനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം. കീപ്ഗന്‍ നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് ഇന്ത്യ പാകിസ്താനെ കീഴ്‌പ്പെടുത്തിയത്. ഇന്ത്യയ്ക്കായി ഗൊയാറിയയും ലക്ഷ്യം കണ്ടു. കാഠ്മണ്ഡുവിലെ ദസ്‌റത്ത് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെതിരെ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യന്‍ യുവനിരക്ക് സാധിച്ചു.
കളിയുടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചപ്പോൾ 64-ാം മിനിറ്റിലാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് ഒരു മനോഹരമായ വോളിയിലൂടെ കീപ്ഗന്‍ ആണ് ഇന്ത്യയ്ക്ക് ആദ്യമായി ലീഡ് സമ്മാനിക്കുന്നത്.
തുടർന്ന് 85-ാം മിനിറ്റില്‍ കീപ്ഗനിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. ഒരു മനോഹരമായ ഫ്രീകിക്കിലൂടെയായിരുന്നു കീപ്ഗന്‍ രണ്ടാം ഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമില്‍ ഗൊയാറിയിലൂടെ മൂന്നാം ഗോള്‍ നേടിയതോടെ ഇന്ത്യ വിജയവും കിരീടവും ഉറപ്പിച്ചു. സെമിയില്‍ നേപ്പാളിനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്.