ബജറ്റിലെ അവഗണന; നീതി ആയോഗ് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ബഹിഷ്‌ക്കരിക്കാൻ ഇന്‍ഡ്യാ സഖ്യ മുഖ്യമന്ത്രിമാര്‍

single-img
24 July 2024

മൂന്നാം മോഡി സർക്കാരിന്റെ കേന്ദ്ര ബജറ്റിനെതിരെ പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി എംപിമാര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം രേഖപ്പെടുത്തും.

കേന്ദ്രസർക്കാർ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ പൂർണ്ണമായി അവഗണിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധം. മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കസേര നിലനിര്‍ത്താന്‍ വേണ്ടി മാത്രമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.

ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റമാണ് ബജറ്റെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷ എംപിമാർ ഇന്ന് രാവിലെ 10.30 ന് പാര്‍ലമെന്റ് അങ്കണത്തില്‍ ധര്‍ണ്ണ നടത്തും. തുടര്‍ന്ന് സഭയില്‍ വിഷയം ഉന്നയിക്കും. കേന്ദ്രം വിശദീകരണം നല്‍കിയില്ലെങ്കില്‍ വോക്കൗട്ട് നടത്തും. പക്ഷെ ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ചേക്കില്ല.

ചർച്ചയിൽ ഓരോ സംസ്ഥാനങ്ങള്‍ക്കും നേരിട്ട അവഗണന എംപിമാര്‍ ഉയര്‍ത്തും. കേരളം, തമിഴ്‌നാട് ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളുടെ പേരുകള്‍ പോലും ബജറ്റില്‍ പ്രതിപാദിച്ചില്ല എന്നതില്‍ എംപിമാര്‍ കടുത്ത അമര്‍ഷത്തിലാണ്. ഇതോടൊപ്പം, നീതി ആയോഗ് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്‍ഡ്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിക്കും.