ഇന്ത്യ എല്ലായ്‌പ്പോഴും ഹിന്ദുരാഷ്ട്രമാണ്, അത് സ്ഥാപിക്കേണ്ട ആവശ്യമില്ല: ആർഎസ്എസ് നേതാവ് ഹൊസബാലെ
രാജ്യം എല്ലായ്‌പ്പോഴും ഒന്നായതിനാൽ ഇന്ത്യയെ ഒരു ‘ഹിന്ദു രാഷ്ട്ര’മാക്കേണ്ട ആവശ്യമില്ലെന്ന് സംഘടന വിശ്വസിക്കുന്നതായി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു. സംഘത്തിന്റെ ത്രിദിന അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിന്റെ അവസാന ദിവസം ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുതിർന്ന ആർഎസ്എസ് നേതാവ്.
“ഇന്ത്യ ഇതിനകം ഒരു ഹിന്ദു രാഷ്ട്രമാണ്, ഭാവിയിലും അത് അങ്ങനെ തന്നെ നിലനിൽക്കും. ഈ രാജ്യത്ത് ഒരു ഹിന്ദു ഉള്ളിടത്തോളം കാലം ഈ രാജ്യം ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ഡോ. ഹെഡ്‌ഗേവാർ (ആർ.എസ്.എസ്. സ്ഥാപകൻ) ഒരിക്കൽ പറഞ്ഞിരുന്നു. ഭരണഘടന ഇതിനെക്കുറിച്ച് സംസാരിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ, ഇന്ത്യ ആയിരുന്നു, ഇന്ത്യയാണ്, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി തുടരും,” ഹൊസബലെ പറഞ്ഞു.
ഇന്ത്യ എപ്പോഴാണ് ഹിന്ദു രാഷ്ട്രമാകുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതും സമൂഹത്തിന്റെ ഉന്നമനത്തിനായി കുറച്ച് സമയം ചെലവഴിക്കുന്നതും `ഹിന്ദുത്വ’മാണെന്നും ഹൊസബാലെ പറഞ്ഞു.
“ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ജോലിയാണ് ആർഎസ്എസ് ചെയ്യുന്നത്. അതിനാൽ, ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കേണ്ട ആവശ്യമില്ല, കാരണം ഇന്ത്യ ഇതിനകം ഒന്നായിരിക്കുന്നു. അതാണ് ആർഎസ്എസ് വിശ്വസിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്ന് വടക്കും തെക്കും എന്ന രീതിയിൽ വിഭജിക്കാനുള്ള ഗൂഢാലോചനയാണ്, ആർഎസ്എസ് ജനറൽ സെക്രട്ടറി അവകാശപ്പെട്ടു. ദക്ഷിണേന്ത്യ ഉത്തരേന്ത്യയിൽ നിന്ന് വ്യത്യസ്‌തമാണെന്ന് ഇപ്പോൾ ചിലർ പറയുന്നുണ്ട്.
തങ്ങൾ ദ്രാവിഡരാണെന്നും അവരുടെ ഭാഷയും വ്യത്യസ്‌തമാണെന്നും പറഞ്ഞ് ദക്ഷിണേന്ത്യയെ (ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന്) വെട്ടിമുറിക്കാൻ രാഷ്ട്രീയ-ബൗദ്ധിക തലത്തിൽ ഗൂഢാലോചന നടക്കുന്നുണ്ട്. ഇത് രാജ്യത്തെ ദുർബലപ്പെടുത്താനുള്ള തന്ത്രമാണ്.ഇതിനെ എതിർക്കാൻ ജനങ്ങൾ മുന്നോട്ട് വരണം, ഇത്തരക്കാർ വിജയിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.