ദരിദ്ര രാഷ്ട്രം എന്നതിൽ നിന്നും ഇന്ത്യ ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ: കേന്ദ്ര മന്ത്രി എസ് ജയശങ്കര്‍
അവസാന 75 വര്‍ഷത്തെ ഇന്ത്യ സ്വന്തമാക്കിയ സാമ്പത്തിക വളര്‍ച്ചയെ പ്രശംസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയെ ദരിദ്ര രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റിയെങ്കിലും ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും ജയശങ്കര്‍ പറഞ്ഞു.
‘പതിനെട്ടാം നൂറ്റാണ്ടില്‍, അന്താരാഷ്‌ട്ര ജിഡിപിയുടെ നാലിലൊന്ന് ഇന്ത്യയുടേതായിരുന്നു. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, കൊളോണിയലിസം നമ്മളെ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റി. പക്ഷെ ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ നിങ്ങളുടെ മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുന്നു’ – എസ് ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യ- ഐക്യരാഷ്ട്ര സഭാ പാര്‍ട്ണര്‍ഷിപ്പ് ഇന്‍ ആക്ഷന്‍ പരിപാടിയില്‍ ’75 വര്‍ഷത്തില്‍ ഇന്ത്യ’ എന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വൈറസ് വ്യാപനത്തി നെതിരായ പോരാട്ടം ഉള്‍പ്പെടെയുളള ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ലോകത്തിന്റെ ശോഭനമായ ഭാവി ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഐക്യരാഷ്ട്ര സഭയുടെ തത്വങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. നമ്മുടെ കാഴ്ചപ്പാടില്‍ ലോകം ഒരു കുടുംബമാണെന്നും വികസനം പൊതുനന്മയാണെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.