നമ്മുടെ സൈന്യം ഹിമാലയം പോലെ അചഞ്ചലമായി നിലകൊള്ളുന്നിടത്തോളം കാലം ഇന്ത്യ സുരക്ഷിതം: പ്രധാനമന്ത്രി
ഹിമാചൽ പ്രദേശില്ല്കലാ ലെപ്ചയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ സൈന്യം ഹിമാലയം പോലെ അചഞ്ചലമായി നിലകൊള്ളുന്നിടത്തോളം കാലം ഇന്ത്യ സുരക്ഷിതമാണെന്ന് സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ലോകമാകെ സംഘർഷങ്ങൾ നടക്കുമ്പോൾ നമ്മുടെ രാജ്യത്തിൻറെ അതിർത്തി സുരക്ഷിതമാക്കുന്നതിലെ സൈന്യത്തിന്റെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. “ലോകത്തിന്റെ നിലവിലെ സാഹചര്യം കണക്കിലെടുത്താൽ, ഇന്ത്യയിലുള്ള പ്രതീക്ഷകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമായി തുടരേണ്ടത് പ്രധാനമാണ്. രാജ്യത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിങ്ങൾക്ക് വലിയ പങ്കുണ്ട്.”- അദ്ദേഹം സൈന്യത്തോട് പറഞ്ഞു. കൂടാതെ ഇന്ത്യയുടെ സൈന്യവും സുരക്ഷാ സേനയും രാഷ്ട്രനിർമ്മാണത്തിൽ നിരന്തരം സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർമി ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന തനറെ ശീലത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കഴിഞ്ഞ 30 മുതൽ 35 വർഷമായി താൻ അത് ചെയ്യുന്നുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നതിന് മുമ്പ് തന്നെ ഈ ശീലമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.