കനത്ത മഴ; ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടി20 ഉപേക്ഷിച്ചു
വെല്ലിങ്‌ടണിൽ തുടരുന്ന ശക്തമായ മഴ കാരണം വെള്ളിയാഴ്‌ച സ്കൈ സ്‌റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. രാവിലെ 11.30ന് ടോസ് നിശ്ചയിച്ചെങ്കിലുംമഴ ശക്തമായപ്പോൾ ഇത് നീട്ടിവച്ചു. കാത്തിരുന്നിട്ടും മഴ കുറയാതെ വന്നതോടെ ടോസ് പോലും ഇടാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയിൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് സെമിയിൽ പുറത്തായ ഇരു ടീമുകളും ഇതിന് ശേഷം പങ്കെടുക്കുന്ന ആദ്യ പരമ്പരയായിരുന്നു ഇത്. ഇന്ത്യ കിരീടം നേടിയ ഇംഗ്ലണ്ടിനോടും, ന്യൂസിലൻഡ് പാക്കിസ്ഥാനോടും തോറ്റാണ് ലോകകപ്പിൽ നിന്ന് പുറത്തായത്. ഈ പരമ്പരയിലെ രണ്ടാം മത്സരത്തിനും മഴ ഭീഷണി നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
“ഇന്ത്യയ്‌ക്കെതിരെ കളിക്കുക എന്നത് എപ്പോഴും നല്ല അനുഭവമാണ്, കാരണം അവർ മികച്ച ടീമാണ്. എന്നാൽ ഇന്നത്തെ സാഹചര്യം അതിന് അനുവദിച്ചില്ല” ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസൺ പ്രതികരിച്ചു.