2014 മുതൽ ഇന്ത്യ പരിഷ്കരണത്തിന്റെയും പരിവർത്തനത്തിന്റെയും പാതയിലാണ്: നരേന്ദ്ര മോദി


2014 മുതൽ ഇന്ത്യ പരിഷ്കരണത്തിന്റെയും പരിവർത്തനത്തിന്റെയും പാതയിലാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡോറിൽ വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ ജനാധിപത്യം, യുവജനങ്ങളുടെ ജനസംഖ്യ, രാഷ്ട്രീയ സ്ഥിരത എന്നിവയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭാപ്തിവിശ്വാസം നൽകുന്നത്. ഇക്കാരണത്താൽ, ബിസിനസ്സ് ചെയ്യാൻ ആവശ്യമായ തീരുമാനങ്ങൾ ഇന്ത്യക്കു വേഗം കൈക്കൊള്ളാൻ സാധിക്കുന്നു. ഇന്ത്യ 2014 മുതൽ പരിഷ്കരണത്തിന്റെയും പരിവർത്തനത്തിന്റെയും പ്രകടനത്തിന്റെയും പാതയിലാണ്. ഇന്ത്യ നിക്ഷേപത്തിനുള്ള ആകർഷകമായ ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നു- മോദി പറഞ്ഞു.
ഐഎംഎഫ് ഇന്ത്യയെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഒരു തിളക്കമുള്ള സ്ഥലമായാണ് കാണുന്നത്. ആഗോള മാന്ദ്യം നേരിടുന്നതിൽ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച നിലയിലാണെന്ന് ലോകബാങ്ക് പറയുന്നു. ഇതിന് കാരണം ഇന്ത്യയുടെ ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനതത്വങ്ങളാണ്,” മോദി കൂട്ടിച്ചേർത്തു.