ജി20 ഉച്ചകോടിയില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിച്ചു; പ്രശംസിച്ചു വൈറ്റ് ഹൗസ്

single-img
19 November 2022

ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ സമാപിച്ച ജി20 ഉച്ചകോടിയില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിച്ചതായി വൈറ്റ് ഹൗസ്.

ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലെ പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ളത്. നയതന്ത്ര തലത്തിലൂടെ വേണം പ്രശ്നപരിഹാരം എന്ന ഇന്ത്യന്‍ നിലപാടും ജി20 പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തി.

“ഉച്ചകോടിയുടെ പ്രഖ്യാപനം ചര്‍ച്ച ചെയ്യുന്നതില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മറ്റ് മുന്‍ഗണന വിഷയങ്ങള്‍ക്കിടയില്‍, നിലവിലെ ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷാ വെല്ലുവിളികളെ പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. അതേ സമയം പ്രതിരോധശേഷിയുള്ള ആഗോള സമ്ബദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ബാലിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച ഇന്തോനേഷ്യയില്‍ നിന്ന് മടങ്ങി. സമാപന സമ്മേളനത്തില്‍ അടുത്ത ജി20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഇന്തോനേഷ്യയില്‍ നിന്ന് ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു.

അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ ജി 20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനത്തെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്നതായും ജീന്‍ പിയറി വ്യക്തമാക്കി. ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ജി20യിലെ സമാപന സമ്മേളനത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡോ മോദിക്ക് ആതിഥേയ രാജ്യത്തിനുള്ള ബാറ്റണ്‍ കൈമാറി. ‘വസുധൈവ കുടുംബകം’ എന്ന ആശയം മുന്‍നിര്‍ത്തി ഒരു വര്‍ഷത്തെ നടപടികള്‍ അടുത്ത മാസം ഒന്നിന് ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ തുടങ്ങും.