ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പാകിസ്ഥാന്‍ വനിതാ മാധ്യമ പ്രവര്‍ത്തകയെ ഇന്ത്യ തിരിച്ചയച്ചു

single-img
9 October 2023

ഇത്തവണത്തെ ഐസിസി ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയിൽ വന്ന പാകിസ്ഥാൻ സ്‌പോർട്‌സ് ജേണലിസ്റ്റ് സൈനബ് അബ്ബാസിനെ രാജ്യത്ത് നിന്ന് തിരിച്ചയച്ചു. ഇന്ത്യക്കെതിരെയും ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരേയും മുമ്പ് അവര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

ഈ രീതിയിലുള്ള അവരുടെ പഴയ എക്‌സ് പോസ്റ്റുകള്‍ (മുമ്പ് ട്വിറ്റര്‍) ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി. ഹിന്ദുക്കൾക്കും ഇന്ത്യക്കുമെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സൈനബ് അബ്ബാസിനെതിരെ അഭിഭാഷകൻ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നാളെ പാകിസ്ഥാന്‍ – ശ്രീലങ്ക മത്സരം നടക്കാനിരിക്കെയാണ് സൈനബിനെ പറഞ്ഞയക്കുന്നത്. അതേസമയം, സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് അവര്‍ സ്വമധേനാ നാടുവിട്ടതാണെന്നും വാര്‍ത്തകളുണ്ട്.നിലവിലെ ഉപയോഗിക്കുന്ന ‘സബ്ബാസ് ഒഫീഷ്യല്‍’ എന്ന അക്കൗണ്ടില്‍ നിന്നാണ് അപകീര്‍ത്തിപെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ വന്നിരുന്നത്. പിന്നീട് അക്കൗണ്ടിന്റെ പേര് മാറ്റുകയും ‘സൈനബ്ലോവെസ്‌ക്’ എന്നാക്കുകയും ചെയ്തുവെന്ന് പരാതിക്കാരന്‍ പറയുന്നു.

ഈ പരാതിയില്‍ പറയുന്നതിങ്ങനെ… ”അതിതി ദേവോ ഭവ എന്നത് നമ്മുടെ രാജ്യത്തെയും ഹിന്ദു ധര്‍മ്മത്തെയും ബഹുമാനിക്കുന്നവര്‍ക്ക് മാത്രമാണ്, എന്നാല്‍ ഭാരതീയ വിരുദ്ധരെ നാട്ടില്‍ സ്വാഗതം ചെയ്യേണ്ടതില്ല.” അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി.