അമിത് ഷായ്ക്ക് എതിരായ പരാമര്‍ശം അസംബന്ധവും അടിസ്ഥാനരഹിതവും; കാനഡക്കെതിരെ ഇന്ത്യ
കാനഡയിലുള്ള ഖലിസ്ഥാൻ തീവ്രവാദികളെ ലക്ഷ്യംവെയ്ക്കാൻ ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടുവെന്ന കനേഡിയൻ മന്ത്രിയുടെ അവകാശവാദങ്ങൾ തള്ളി ഇന്ത്യ. “അസംബന്ധവും അടിസ്ഥാനരഹിതവുമായ ആരോപണമാണ് കാനഡ ഉന്നയിക്കുന്നതെന്നും, പ്രതിഷേധം രേഖപ്പെടുത്താൻ കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ നേരിട്ടു വിളിച്ച് വരുത്തിയതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ കനേഡിയൻ സർക്കാർ ഇത്തരം വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകുന്നു. ഇതുപോലെയുള്ള നടപടികൾ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാളാണ് ഈ കാര്യം വ്യക്തമാക്കിയത്.
അമിത് ഷാക്ക് എതിരെയുള്ള പരാമർശത്തിൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രലയം അറിയിച്ചു. ഖലിസ്ഥാനി തീവ്രവാദികളെ ലക്ഷ്യമിട്ട് അക്രമം, ഭീഷണിപ്പെടുത്തൽ, രഹസ്യാന്വേഷണ ശേഖരണം എന്നിവ നടത്താൻ അമിത് ഷാ ഉത്തരവിട്ടെന്നായിരുന്നു കാനഡയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൻ്റെ പ്രതികരണം. രാജ്യത്തെ പൊതുസുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളോട് സംവദിക്കുന്നതിനിടയിൽ ആയിരുന്നു ഇദ്ദേഹത്തിൻ്റെ പ്രതികരണം.
ഇതിനു പിന്നാലെയാണ് കാനഡയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തിയത്. ഖാലിസ്ഥാൻ ഭീകരൻ ഹർദ്ദീപ് സിങ് നിജ്ജറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ ബന്ധം വഷളായിരുന്നു. കാനഡയിലെ ഖാലിസ്ഥാൻവാദികൾക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. കാനഡ സർക്കാരിൻ്റെ രാഷ്ട്രീയ അജണ്ടയാണ് ഇതിന് പിന്നിലെന്നാണ് ഇന്ത്യയുടെ വാദം.