ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20 ; ഇന്ന് പരാജയപ്പെട്ടാൽ പരമ്പരയും റെക്കോര്‍ഡും നഷ്ടം
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസം തമ്മിലുള്ള ടി20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ഇന്ന് നടക്കും . ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതിനാല്‍ പരമ്പര കൈവിടാതിരിക്കാന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 റെക്കോര്‍ഡ് നഷ്ടമാകും. 2017ന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ടി20 പരമ്പര ഇതുവരെ കൈവിട്ടിട്ടില്ല. മാത്രമല്ല, 2021ന് ശേഷം ഇന്ത്യ ഒരു ടി20 പരമ്പര പോലും അടിയറവ് പറഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം.
നേരത്തെ 2021ല്‍ ശ്രീലങ്കയ്ക്ക് എതിരെ ടി20 പരമ്പര കൈവിട്ടതിന് ശേഷം തുടര്‍ച്ചയായി 11 ടി20 പരമ്പരകളാണ് ഇന്ത്യ വിജയിക്കുകയോ സമനിലയിലാക്കുകയോ ചെയ്തത്. മാത്രമല്ല, മൂന്നാം ടി20യിലും പരാജയപ്പെട്ടാല്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ തുടര്‍ പരമ്പര നേട്ടങ്ങളുടെ റെക്കോര്‍ഡും ഇന്ത്യയ്ക്ക് കൈവിടേണ്ടി വരും.
എല്ലാവരും മികച്ചതെങ്കിലും ബാറ്റ്‌സ്മാന്‍മാരുടെ ഫോമില്ലായ്മയാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. ഐപിഎൽ ടൂർണമെന്റിൽ മാസ്മരിക പ്രകടനം നടത്താറുള്ള ഇന്ത്യയുടെ യുവതാരങ്ങള്‍ വിദേശ മണ്ണില്‍ വിയര്‍ക്കുന്ന കാഴ്ചയാണ് ആദ്യ രണ്ട് മത്സരങ്ങളിലും കാണാൻ സാധിച്ചത്.