ടി20 ലോകകപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ബംഗ്ലാദേശാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് അഡ്‌ലെയ്ഡ് ഓവലിലാണ് മത്സരം.
ഇന്നലെ വരെ കനത്ത മഴ പെയ്ത അഡ്‌ലെയ്ഡില്‍ ഇന്ന് മഴ പെയ്യാന്‍ 70 ശതമാനം സാധ്യതയുണ്ടെന്നായിരുന്നു കാലവസ്ഥാ പ്രവചനമെങ്കിലും രാവിലെ മുതല്‍ അഡ്‌ലെയ്ഡില്‍ മഴ ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു.
അതേസമയം, തുടരെ പരാജയപ്പെടുന്ന ഓപ്പണര്‍ കെഎല്‍ രാഹുലിനെ ഒഴിവാക്കില്ലെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയതോടെ ഇന്ത്യയുടെ മുന്‍നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ശര്‍മ, രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ആദ്യ നാലില്‍ ഇറങ്ങും. ഹര്‍ദ്ദിക് പാണ്ഡ്യയാകും അഞ്ചാം നമ്ബറില്‍.
പൂര്‍ണ കായികക്ഷമതയില്ലെങ്കില്‍ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയേക്കും. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പൂര്‍ണമായും നിരാശപ്പെടുത്തിയ ദീപക് ഹൂഡക്ക് പകരം അക്സര്‍ പട്ടേല്‍ ടീമിലിടം നേടാനാണ് സാധ്യത. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന് പകരം ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം നേടിയേക്കും.
എന്നാല്‍, ബംഗ്ലാദേശ് കിരീട സാധ്യതയുള്ള ടീമല്ലെന്ന് വ്യക്തമാക്കിയ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഇന്ത്യയെ അട്ടിമറിക്കാമെന്നുള്ള പ്രതീക്ഷയിലാണ്. മഴകളി തടസ്സപ്പെടുത്തിയാല്‍ സെമി ഉറപ്പിക്കാന്‍ സിംബാബാവെയ്‌ക്കെതിരായ അവസാന മത്സരത്തില്‍ വമ്ബന്‍ ജയവും മറ്റ് മത്സരങ്ങളുടെ ഫലവും ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍.