ഗാസയിലേക്ക് സഹായവുമായി ഇന്ത്യ; 40 ടൺ അവശ്യവസ്തുക്കളുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു
ഇസ്രയേൽ- ഹമാസ് സംഘർഷത്തെ തുടർന്ന് 14 ദിവസങ്ങളായി ശക്തമായ വ്യോമാക്രമണം നടക്കുന്ന ഗാസയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. 6.5 ടൺ മരുന്നുകളും ദുരിത ബാധിതർക്കുളള 32 ടൺ അവശ്യവസ്തുക്കളും അടങ്ങുന്ന വിമാനം ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് പുറപ്പെട്ടു.
‘ദുരന്ത നിവാരണ സാമഗ്രികളുമായി രാജ്യത്തെ IAF C-17 വിമാനം ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അത്യാവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ എന്നിവയും ആവശ്യവസ്തുക്കളിൽ ഉൾപ്പെടുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി സോഷ്യൽ മീഡിയയായ എക്‌സിൽ എഴുതി.
നിലവിൽ ഗാസയ്ക്ക് മേൽ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയും ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നാണ് മുന്നറിയിപ്പ്. ഗാസ സിറ്റിയിലെ ജനങ്ങളോട് തെക്ക്ഭാഗത്തേക്ക് പലായനം ചെയ്യാൻ ഇസ്രയേൽ നിർദേശം നൽകി. ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടുള്ള ലഘുലേഖകൾ ഇസ്രയേൽ ഗാസയിൽ വിതരണം ചെയ്തു.