രണ്ടാം ഏകദിനം; ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം
ഇന്ന് നടന്ന ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം. വെറും ഇരുപത് ഓവറുകളിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. ടോസ് ലഭിച്ച ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അവർ 34.3 ഓവറിൽ 109 റണ്ണുകളിൽ ഒതുങ്ങിയപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഓപ്പണർ ശുഭ്മൻ ഗില്ലിന്റെയും മികവിലാണ് വിജയം സ്വന്തമാക്കിയത്.
വെറും 20 ഓവറുകളിൽ വിജയിച്ച ഇന്ത്യക്കു വേണ്ടി രോഹിത് ശർമ്മ (51) അർദ്ധസെഞ്ച്വറി നേടി. പിന്നാലെ മൂന്നാമതായി ഇറങ്ങിയ വിരാട് കോലിക്ക് ഒപ്പം ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയ ശുഭ്മൻ ഗിൽ (40) മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. കോലിയെ സാന്റ്‌നറെ കയറിയടിക്കാനുള്ള ശ്രമത്തിനിടെ ലാഥം സ്റ്റംപ് ചെയ്ത് പുറത്താക്കി. 9 പന്തില്‍ 11 റണ്‍സാണ് വിരാട് നേടിയത്.
തുടർന്ന് ഗില്ലിനു ഇഷാൻ കിഷൻ നൽകിയ പിന്തുണ കൂടിയായപ്പോൾ ഇന്ത്യയുടെ വിജയം അനായാസമായി. ഇന്നത്തെ വിജയത്തോടുകൂടി പരമ്പര ഇന്ത്യ സ്വന്തമാക്കി. ന്യൂസിലാൻഡ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ചത് ഗ്ലെൻ ഫിലിപ്സിനും ബ്രേസ്‌വെല്ലിനും മിച്ചൽ സാന്ററിനും മാത്രമായിരുന്നു.