കാനഡയിൽ തലപ്പാവ് ധരിച്ച ഇന്ത്യന്‍ വംശജയായ സിഖ് വനിത കൗണ്‍സിലര്‍


കാനഡയിലെ ബ്രാംപ്ടണിലേക്ക് നടന്ന മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിൽ മികച്ച വിജയവുമായി ഇന്ത്യന്‍ വംശജ. ഇന്‍ഡോ-കനേഡിയന്‍ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകയായ നവ്ജിത് കൗര്‍ ബ്രാറാണ് കാനഡയിലെ ബ്രാംപ്ടണില്‍ സിറ്റി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്.
ഈ നേട്ടം കൈവരിക്കുന്ന തലപ്പാവ് ധരിക്കുന്ന ആദ്യ സിഖ് വനിതയാണ് നവ്ജിത്. നേരത്തെ ഇവർ ബ്രാംപ്ടണില്‍ ശ്വാസകോശ തെറാപ്പിസ്റ്റായി സേവനം ചെയ്യുകയായിരുന്നു. നിലവിൽ 2,6 വാര്‍ഡുകളിലേക്കാണ് നവ്ജിതിനെ തിരഞ്ഞെടുത്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്.
കാനഡയിൽ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ എം പി സ്ഥാനാര്‍ത്ഥിയായിരുന്ന ജെര്‍മൈന്‍ ചേംമ്പേഴ്‌സിനെയാണ് മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ നവ്ജിത് പരാജയപ്പെടുത്തിയത്. ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ 28.85 ശതമാനം വോട്ടും നേടിയാണ് നവ്ജിതിന്റെ മിന്നുന്ന നേട്ടം. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ചേമ്പേഴ്‌സിന് 22.59 ശതമാനം വോട്ടാണ് നേടാനായത്.
മത്സരത്തിൽ മൂന്നാം സ്ഥാനത്തുള്ള കാര്‍മെന്‍ വില്‍സന് 15.41 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 40000 വീടുകള്‍ സന്ദര്‍ശിച്ചതായും 22500 ഓളം വോട്ടര്‍മാരുമായി സംസാരിച്ചതായുമാണ് നവ്ജിതിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വക്താക്കള്‍ വിശദമാക്കുന്നത്.