പാണ്ഡ്യയുടെ പ്രകടനത്തെ പ്രശംസിച്ച്‌ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താൻ

single-img
26 January 2023

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലെ ആധികാരിക ജയത്തോടെ ഇന്ത്യ ഏകദിന പരമ്ബര തൂത്തുവാരിയതിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 200 റണ്‍സിലേറെ നേടിയശേഷം ഇന്ത്യന്‍ മധ്യനിര തകര്‍ന്നടിഞ്ഞപ്പോള്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയെ 350 കടത്തിയത് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സായിരുന്നു. 38 പന്തില്‍ 54 റണ്‍സെടുത്ത ഹാര്‍ദ്ദിക് ബൗളിംഗിനെത്തിയപ്പോള്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്‍റെ നിര്‍ണായക വിക്കറ്റും വീഴ്ത്തി. ഇതിന് പിന്നാലെ പാണ്ഡ്യയുടെ പ്രകടനത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

പാണ്ഡ്യ ഫോമിലാണെങ്കില്‍ അവനെ തടുക്കാന്‍ കഴിയില്ല. ഇന്‍ഡോറില്‍ അവന്‍റെ ഇന്നിംഗ്സ് ശരിയായ സമയത്തായിരുന്നു. കാരണം രോഹിത്തും ഗില്ലും ഒഴികെയുള്ള മറ്റ് ബാറ്റര്‍മാരെല്ലാം റണ്ണെടുക്കാന്‍ പാടുപെട്ടപ്പോഴായിരുന്നു ഫിനിഷറായി എത്തിയ ഹാര്‍ദ്ദിക്കിന്‍റെ വെടിക്കെട്ട്. മറ്റുള്ളവര്‍ ബുദ്ധിമുട്ടിയപോലെ ഹാര്‍ദ്ദിക്കിന് ബാറ്റിംഗില്‍ യാതൊരു വെല്ലുവിളിയും ഉണ്ടായില്ല.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാണ്ഡ്യ വളരെ നിര്‍ണായക താരമാണെന്നും പത്താന്‍ പറഞ്ഞു. ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും കഴിയുന്ന കളിക്കാരന്‍ ടീമിന് നല്‍കുന്ന സന്തുലനം വലുതാണ്. അതുകൊണ്ടുതന്നെ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന് നല്‍കുന്ന സംഭാവന ചെറുതായി കാണാനാകില്ല. ലോക ക്രിക്കറ്റില്‍ തന്നെ ബാറ്റ് കൊണ്ടും ബോളുകൊണ്ടും ടീമിനായി നിര്‍ണായക സംഭാവന നല്‍കാന്‍ കഴിയുന്ന അപൂര്‍വം കളിക്കാരെ ഉള്ളൂ. ബാറ്റിംഗിനിറങ്ങിയപ്പോള്‍ അദ്ദേഹം കളിച്ച ചില ഷോട്ടുകള്‍, പ്രത്യേകിച്ച്‌ സ്ട്രൈറ്റ് പുള്‍ ഹിറ്റൊക്കെ കണ്ടാല്‍ അവന്‍ ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങി ടെന്നീസ് കളിക്കുകയാണെന്ന് തോന്നുമെന്നും സ്റ്റാര്‍ സ്പോര്‍ട്സിനോട് പത്താന്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരെ 38 പന്തില്‍ 54 റണ്‍സെടുത്ത പാണ്ഡ്യ മൂന്ന് സിക്സും മൂന്ന് ഫോറും പറത്തി. പാണ്ഡ്യയുടെ വെടിക്കെട്ടാണ് 350ല്‍ താഴെ ഒതുങ്ങുമെന്ന് കരുതിയ ഇന്ത്യയെ 385ല്‍ എത്തിച്ചത്.