ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും ഇന്ത്യൻ റെയിൽവേ താൽക്കാലികമായി നിർത്തിവച്ചു
അയൽരാജ്യത്തെ അസ്വസ്ഥതകൾക്കിടയിൽ ഇന്ത്യൻ റെയിൽവേ തിങ്കളാഴ്ച ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിൻ പ്രവർത്തനങ്ങളും നിർത്തിവച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതായി റിപ്പോർട്ട് വരുന്നുണ്ട്.
കൊൽക്കത്ത-ധാക്ക-കൊൽക്കത്ത മൈത്രീ എക്‌സ്‌പ്രസ് (13109/13110), കൊൽക്കത്ത-ധാക്ക-കൊൽക്കത്ത മൈത്രി എക്‌സ്‌പ്രസ് (13107/13108), കൊൽക്കത്ത-ഖുൽന-കൊൽക്കത്ത ബന്ധൻ എക്‌സ്പ്രസ്, ധാക്ക-ന്യൂ ജൽപായ്ഗുരി-ധാക്കാ മിതാലി എക്‌സ്‌പ്രസ് എന്നിവയാണ് തീരുമാനം ബാധിച്ച ട്രെയിനുകൾ.
തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബംഗ്ലാദേശ് ആർമി ചീഫ് ജനറൽ വക്കർ-ഉസ്-സമാൻ, ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതായും ഉടൻ ഒരു ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ പ്രതിരോധ സേന സമാധാനം ഉറപ്പാക്കുമെന്ന് ഉറപ്പ് നൽകിയ അദ്ദേഹം ബംഗ്ലാദേശ് സൈന്യത്തെ വിശ്വസിക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ജനറൽ വക്കർ-ഉസ്-സമാൻ പറഞ്ഞു.