ആരും സംശയിക്കേണ്ട; ട്രെയിനിലെ കമ്പിളി പുതപ്പ് മാസത്തില്‍ ഒരു തവണയെങ്കിലും കഴുകുമെന്ന് ഇന്ത്യന്‍ റെയില്‍വേ
രാജ്യത്ത് ട്രെയിനുകളിലെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതപ്പുകളും തലയിണകളും കമ്പിളി പുതപ്പും സൗജന്യമായി നല്‍കുന്നത് പതിവാണ്. പക്ഷെ ഈ പുതപ്പുകള്‍ കഴുകാറുണ്ടോ എന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ, ഈ സംശയത്തിന് മറുപടിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിയിരിക്കുകയാണ്.
വിവരാവകാശ നിയമപ്രകാരം ദേശീയ മാധ്യമമായ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ അപേക്ഷയിലാണ് റെയില്‍വേയുടെ മറുപടി. യാത്രക്കാര്‍ക്ക് നിലവിൽ നല്‍കിവരുന്ന ലിനന്‍ (വെള്ളപുതപ്പുകള്‍) പുതപ്പുകള്‍ ഓരോ ഉപയോഗത്തിന് ശേഷവും കഴുകുമെന്നും പക്ഷെ കമ്പിളി പുതപ്പുകള്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമെ കഴുകാറുള്ളുവെന്നും റെയില്‍വേ മന്ത്രാലയം മറുപടിയില്‍ പറയുന്നു.
ദീര്‍ഘദൂര ട്രെയിനുകളിൽ 20ലധികം ഹൗസ്‌കീപ്പിംഗ് ജീവനക്കാരും ഈ വിവരം സമ്മതിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു . മാസത്തില്‍ രണ്ട് തവണയെങ്കിലും കമ്പിളി പുതപ്പുകള്‍ കഴുകേണ്ടതാണ്. എന്നാല്‍ ഇതിനാവശ്യമായ സൗകര്യം ലഭിച്ചാല്‍ മാത്രമെ ഇവ കഴുകാന്‍ കഴിയുകയുള്ളുവെന്നും ജീവനക്കാര്‍ പറഞ്ഞു.
കമ്പിളി പുതപ്പുകള്‍ മാസത്തില്‍ ഒരു തവണ മാത്രമാണ് കഴുകാറുള്ളതെന്ന് ജീവനക്കാരും പറഞ്ഞു. പുതപ്പുകളില്‍ കറയോ മറ്റ് ദുര്‍ഗന്ധമോ ഉണ്ടെങ്കില്‍ മാത്രമാണ് കൂടുതല്‍ തവണ കഴുകുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു. യാത്രക്കാരില്‍ നിന്ന് പുതപ്പുകള്‍ക്കും മറ്റും അധികനിരക്ക് ഈടാക്കാറുണ്ടോ എന്ന ചോദ്യത്തിന് എല്ലാം ട്രെയിന്‍ ടിക്കറ്റ് നിരക്കിന്റെ ഭാഗമാണെന്നായിരുന്നു റെയില്‍വേയുടെ മറുപടി.
ഗരീബ് രഥ്, തുരന്തോ തുടങ്ങിയ ട്രെയിനുകളില്‍ ടിക്കറ്റെടുക്കുന്ന സമയത്ത് ബെഡ് റോള്‍ കിറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് അധിക തുക നല്‍കേണ്ടി വരുമെന്ന് റെയില്‍വേ മന്ത്രാലയത്തിലെ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹൗസ് കീപ്പിംഗ് മാനേജ്‌മെന്റ് സെക്ഷന്‍ ഓഫീസര്‍ റിഷു ഗുപ്ത പറഞ്ഞു.
യാത്രകള്‍ അവസാനിച്ചശേഷം ബെഡ്ഷീറ്റുകളും തലയിണ കവറുകളും കഴുകാനായി നല്‍കാറുണ്ട്. എന്നാല്‍ കമ്പിളി പുതപ്പുകള്‍ സ്ഥിരമായി കഴുകാറില്ലെന്നും അവ വൃത്തിയായി മടക്കി കോച്ചില്‍ തന്നെ സൂക്ഷിക്കാറാണ് പതിവെന്നും ഹൗസ്‌കീപ്പിംഗ് ജീവനക്കാര്‍ പറഞ്ഞു.