ജി -20 യില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കായി തയ്യാറാകുന്ന ഭക്ഷണത്തില്‍ ഇടം നേടി ഇന്ത്യന്‍ വഴിയോര ഭക്ഷണ ഇനങ്ങളും
ദില്ലി: ജി -20 യില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കായി തയ്യാറാകുന്ന ഭക്ഷണത്തില്‍ ഇടം നേടി ഇന്ത്യന്‍ വഴിയോര ഭക്ഷണ ഇനങ്ങളും. ഗോള്‍ ഗപ്പ, ചാട്ട് അടക്കമുള്ള വിഭവങ്ങളാണ് ജി -20 പ്രതിനിധികള്‍ക്കായി തയ്യാറാവുന്നതെന്നാണ് സ്പെഷ്യല്‍ സെക്രട്ടറി മുക്തേഷ് കെ പര്‍ദേശി വിശദമാക്കുന്നത്. ഐടിസിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. വിവിധ പ്രാദേശിക വിഭവങ്ങളും അതിഥികള്‍ക്ക് രുചിക്കാനാവും. വിവിധ ധാന്യങ്ങളും പച്ചക്കറികളും ഉപയോഗിച്ചുള്ള പ്രാദേശിക വിഭവങ്ങളാണ് തയ്യാറാവുന്നത്.
ഷെഫുമാര്‍ വിവിധ ഭക്ഷണ പരീക്ഷണങ്ങളില്‍ സജീവമാണെന്നും ജി -20 ഓപ്പറേഷന്‍ സ്പെഷ്യല്‍ സെക്രട്ടറി വിശദമാക്കുന്നു. സെപ്തംബര്‍ 9, 10 ദിവസങ്ങളിലാണ് ജി -20 ഉച്ചകോടി ദില്ലിയില്‍ നടക്കുന്നത്. ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ക്കാകും ഭക്ഷണത്തില്‍ സുപ്രധാന റോള്‍. പാല്‍ ഉപയോഗിച്ച വിവിധ ഉല്‍പന്നങ്ങള്‍ക്കും അതിഥികള്‍ക്കായി തയ്യാറാക്കുന്നുണ്ട്. രാജ്യം ഡിജിറ്റല്‍ പേയ്മെന്റുകളിലുണ്ടാക്കിയ കുതിച്ച് ചാട്ടത്തേക്കുറിച്ചും അതിഥികള്‍ക്ക് അറിയാനുള്ള അവസരമുണ്ടാകും. യുപിഐ ഉപയോഗിച്ച് വളരെ വേഗത്തില്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ നടത്തുന്നത് കാണാനുള്ള അവസരമുണ്ടാകും.
കൊവിന്‍ ആപ്പ് രൂപീകരണവും ആധാര്‍ എൻറോള്‍മെന്റ് എന്നിവയേക്കുറിച്ചും അറിയാന്‍ അതിഥികള്‍ക്ക് അവസരമുണ്ടാകും. ദില്ലി വിമാനത്താവളത്തില്‍ വലിയ പാര്‍ക്കിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം ജി -20യുമായി ബന്ധപ്പെട്ട് 200ഓളം യോഗങ്ങളാണ് അറുപത് നഗരങ്ങളിലായി ഇതിനോടകം നടന്നിട്ടുള്ളത്.
റഷ്യ, മെക്സിക്കോ, ഒമാൻ എന്നിവ ഒഴികെ എല്ലാ രാജ്യങ്ങളുടെയും തലവൻമാർ തന്നെ ഉച്ചകോടിക്കെത്തും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കുറ്റവാളിയെന്ന് പ്രഖ്യാപിച്ച് പുടിനെ അറസ്റ്റ് ചെയ്യണമെന്ന നിര്‍ദേശം അന്താരാഷ്ട്ര ക്രിമിനൽ കോടതി നല്‍കിയ സാഹചര്യത്തിലാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ജി -20 ഉച്ചകോടിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്.